ആദ്യ വൈദ്യുത സ്കൂട്ടർ പുറത്തിറക്കി ജാപ്പനീസ് വാഹന ഭീമൻ ഹോണ്ട

വൈദ്യുതവത്കരണം തങ്ങളുടെ ഏറ്റവും പ്രധാന അജണ്ടയാണെന്ന് അടുത്തിടെ ഹോണ്ട മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. 2025ഓടെ 10 പുതിയ ഇ.വി മോഡലുകൾ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനെയെല്ലാം സാധൂകരിച്ചുകൊണ്ട് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന ഭീമൻ. മിലാൻ ഓട്ടോഷോയിലാണ് ആദ്യ ഇ.വി പുറത്തിറക്കിയത്.

ഇ.എം.ഐ ഇ എന്നാണ് സ്കൂട്ടറിന് പേരിട്ടിരിക്കുന്നത്. ഇലക്ട്രിക് മോപ്പഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇ.എം. യുവാക്കളെയാണ് വാഹനം ലക്ഷ്യമിടുന്നത്. ഹോണ്ട മൊബൈൽ പവർപാക്കാണ് സ്കൂട്ടറിന് കരുത്തുപകരുന്നത്. നീക്കം ചെയ്യാവുന്ന ബാറ്ററിയായിരിക്കും ഇ.വിക്ക് ഹോണ്ട നൽകുക. ബാറ്ററിയുടെ ശേഷി സംബന്ധിച്ച വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒറ്റ ചാർജിൽ 60 കിലോമീറ്ററിലധികം റേഞ്ച് വാഹനം നൽകുമെന്നാണ് സൂചന.

പവർട്രെയിനിനെക്കുറിച്ച് കമ്പനി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. പിൻ ചക്രത്തിൽ ഹബ് മൗണ്ടഡ് മോട്ടോർ ആണ് സ്കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ചിത്രങ്ങൾ കാണിക്കുന്നത്. പിന്നിൽ വലിയ ലഗേജ് റാക്ക്, 12 ഇഞ്ച് ഫ്രണ്ട് വീൽ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്ക് എന്നിവയുമുണ്ട്. ലൈറ്റിങ് മുഴുവൻ എൽ.ഇ.ഡി ആണ്. ഇൻസ്ട്രുമെന്റ് കൺസോൾ എൽ.സി.ഡി യൂനിറ്റാണ്.

പുതിയ ഇലക്ട്രിക് സ്കൂട്ടർ 2023 പകുതിയോടെ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും. വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.

Advertisement