ട്വിറ്ററിലെ ‘ബ്ലൂ ടിക്’ വ്യാജന്റെ ട്വീറ്റ്; ഫാർമ കമ്പനിക്ക് നഷ്ടം 1500 കോടി ഡോളർ

ന്യൂയോർക്ക്: എട്ട് ഡോളർ നൽകിയാൽ ‘ബ്ലൂ ടിക്’ വെരിഫിക്കേഷൻ കൊടുക്കുന്ന പരിപാടി ട്വിറ്റർ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. മൈക്രോബ്ലോഗിങ് സൈറ്റിൽ വ്യാജന്മാർ വിളയാട്ടം നടത്തിയതോടെയാണ് ഇലോൺ മസ്കും ടീമും തീരുമാനം മാറ്റിയത്. എന്നാൽ, അമേരിക്കയിലെ ഒരു ഭീമൻ കമ്പനിക്ക് അതിന് മുമ്പേ തന്നെ കിട്ടിയത് എട്ടിന്റെ പണിയാണ്.

യു.എസിലെ എലി ലില്ലി ( Eli Lilly (LLY)) എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് ട്വിറ്ററിലെ ബ്ലൂ ടിക് കാരണം നഷ്ടമായത് 15 ബില്യൺ ഡോളറാണ്. കമ്പനിയുടെ അതേ പേരിൽ ട്വിറ്ററിലുള്ള ഒരു വ്യാജ അക്കൗണ്ട് ഇട്ട ട്വീറ്റാണ് വിനയായത്. എട്ട് ഡോളർ നൽകി ബ്ലൂ ടിക് സ്വന്തമാക്കിയതിന് ശേഷം ‘ഇൻസുലിൻ സൗജന്യമാണ്’ എന്ന് വ്യാജൻ ട്വീറ്റ് ചെയ്തു. അതോടെ, എലി ലില്ലിയുടെ ഓഹരി കുത്തനെ ഇടിയുകയും കമ്പനിക്ക് വിപണി മൂലധനത്തിൽ നിന്ന് 15 ബില്യൺ ഡോളർ നഷ്ടമാവുകയും ചെയ്തു.

“ഇൻസുലിൻ ഇനിമുതൽ സൗജന്യമാണെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്,” – ഇങ്ങനെയായിരുന്നു ട്വീറ്റ്. വ്യാജ പ്രൊഫൈൽ സൗജന്യമായി ഇൻസുലിൻ വാഗ്ദാനം ചെയ്തതിന് എലി ലില്ലിയുടെ ഓഹരികൾ വെള്ളിയാഴ്ച 4.37 ശതമാനം ഇടിഞ്ഞതായി ‘ദി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. അതേസമയം, എലി ലില്ലി അവരുടെ യഥാർത്ഥ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വിശദീകരണ ട്വീറ്റുമായി എത്തിയിരുന്നു.

Advertisement