ക്രിസ്മസ് ‘അടിച്ച്’ പൊളിച്ച് മലയാളികള്‍; ബെവ്‌കോയില്‍ വിറ്റത് 154.77 കോടിയുടെ മദ്യം, ഒന്നാമന്‍ ചാലക്കുടി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയർ ഹൗസ് വിൽപ്പന ഉൾപ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്.

കഴിഞ്ഞ വർഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച ഔട്ട്‌ലെറ്റ് വഴി മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. 22 മുതൽ 24 വരെ മദ്യ വിൽപ്പന കണക്കിലും ഇത്തവണ വര്‍ദ്ധനയുണ്ട്.

ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് 65.39 കോടി രൂപയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബർ 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 75.41 കോടി രൂപ മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് തലേന്ന് റെക്കോർഡ് വിൽപ്പന ചാലക്കുടിയിലാണ്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് ചാലക്കുടിയില്‍ വിറ്റത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 62.87 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്‌ലെറ്റിനാണ്. 62.31 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയില്‍ വിറ്റത്.

Advertisement