ഒക്ടോബര്‍ 12 മുതല്‍ രാജ്യത്ത് 5ജി സേവനം

ന്യൂഡല്‍ഹി: ഒക്ടോബര്‍ 12 മുതല്‍ രാജ്യത്ത് 5ജി സേവനം ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. മൂന്ന് വര്‍ഷത്തിനകം സാധാരണ നിരക്കില്‍ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസമായിരുന്നു 5ജി ലേലം ഉള്‍പ്പെടെയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ വില്‍പ്പനയാണ് ലേലത്തിലൂടെ നടന്നത്. ആദ്യ ഘട്ടത്തില്‍ നഗരങ്ങളിലായിരിക്കും 5ജി സേവനം ലഭ്യമാകുക. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.
ടെലികോം കമ്പനികള്‍ 5ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഭാരതി എയര്‍ടെല്‍, വി ഐ, റിലയന്‍സ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സേവനത്തിനായി ലേലത്തില്‍ സ്‌പെക്ട്രം സ്വന്തമാക്കിയത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ 5ജി സേവനം ലഭ്യമാകുക എന്നാണ് സൂചന. 4ജിയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement