ബഹിരാകാശ വാഹനങ്ങളെപ്പോലും പോലും ആക്രമിക്കാം; അത്യാധുനിക ലേസർ സാങ്കേതികവിദ്യ വികസിപ്പിച്ച് ചൈന, ലോകത്തിന് ഭയം

ബീജിങ്: ഊർജ ആയുധ സാങ്കേതിക വിദ്യയിൽ വലിയ മുന്നേറ്റം കൈവരിച്ചതായി ചൈനീസ് സൈന്യത്തിന്റെ അവകാശവാദം. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് ചൈനയുടെ പുതിയ കണ്ടെത്തൽ റിപ്പോർട്ട് ചെയ്തത്. ചൂടാകാതെ തന്നെ അനന്തമായി ഉപയോ​ഗിക്കാവുന്ന അത്യാധുനിക ലേസർ സംവിധാനമാണ് ചാങ്ഷയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് തങ്ങൾക്ക് വേണ്ടത്ര ദൂരത്തിൽ ലേസർ ബീം ഉപയോ​ഗിക്കാൻ സാധിക്കും.

യു​ദ്ധരം​ഗത്തെ നിർണായകമായ കണ്ടെത്തലാണിതെന്നാണ് ചൈനയുടെ വാ​ദം. ഉയർന്ന ഊർജമുള്ള ലേസറുകളുടെ പ്രവർത്തന സമയത്ത് ഉണ്ടാകുന്ന അപകടകരമായ താപത്തെ പൂർണ്ണമായും ഇല്ലാതാക്കുന്നതാണ് പുതിയതായി വികസിപ്പിച്ച സംവിധാനമെന്ന് ചൈനീസ് ഗവേഷക സംഘം പറയുന്നു. ഉയർന്ന ഊർജ ലേസർ സിസ്റ്റങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിലെ വലിയ മുന്നേറ്റമാണിതെന്നും ചൈനീസ് വിദ​ഗ്ധർ പറയുന്നു. ചൈനീസ് ജേർണലായ ആക്റ്റ ഒപ്റ്റിക്ക സിനിക്കയിൽ ഓഗസ്റ്റ് 4 ന് പ്രസിദ്ധീകരിച്ച പേപ്പറിൽ ലേസർ ആയുധ ശാസ്ത്രജ്ഞനായ യുവാൻ ഷെങ്ഫുവാണ് സംവിധാനത്തെക്കുറിച്ച് എഴുതിയത്.

ലേസർ ആയുധ രം​ഗത്ത് ഉയർന്ന താപനില വലിയ വെല്ലുവിളിയായിരുന്നു. നേവി അഡ്വാൻസ്ഡ് കെമിക്കൽ ലേസർ (NACL), മിഡിൽ ഇൻഫ്രാറെഡ് അഡ്വാൻസ്ഡ് കെമിക്കൽ ലേസർ (MIRACL), തന്ത്രപരമായ ഹൈ എനർജി ലേസർ (THEL), സ്പേസ് ബേസ്ഡ് ലേസർ (SBL) എന്നിവ തുടങ്ങി ഉയർന്ന ഗ്രേഡ് ലേസർ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമം യുഎസും നടത്തിയിരുന്നു. യുഎസ് സൈന്യം ഈ ആയുധങ്ങൾ പരീക്ഷിക്കുകയും ചെയ്തു. ചില ലേസർ ആയുധങ്ങൾ സൂപ്പർസോണിക് മിസൈലുകൾ പോലും നശിപ്പിച്ചു. എന്നാൽ ഉയർന്ന ഭാരവും വലിപ്പവും കാരണം പദ്ധതികൾ റദ്ദാക്കുകയായിരുന്നു.

യുഎസ് പരീക്ഷിച്ച ലേസർ ആയുധങ്ങളുടെ ദൂരപരിധി ഏതാനും കിലോമീറ്ററുകൾ മാത്രമായിരുന്നു. എന്നാൽ ചൈന വികസിപ്പിച്ച ലേസർ ബീമിന്റെ ദൂരപരിധി വളരെ വലിയതാണെന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ ലേസർ മേഖലയിലെ സംഭവവികാസങ്ങൾ ലോകം ഉറ്റുനോക്കുന്നതാണ്. ഈ മേഖലയിലെ യുഎസ് പരാജയങ്ങൾ കണക്കിലെടുക്കുമ്പോൾ, ചൈനയുടെ അവകാശവാദം ശരിയാണെങ്കിൽ വലിയ മുന്നേറ്റമാണെന്ന് മുൻ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ സ്റ്റീവ് വീവർ സോഷ്യൽമീഡിയയിൽ അഭിപ്രായപ്പെട്ടു. പരമ്പരാഗത മിസൈൽ അധിഷ്ഠിത സംവിധാനങ്ങളെ അപേക്ഷിച്ച് പുതിയ സംവിധാനം ചെലവുകുറഞ്ഞതായിരിക്കും. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് പോലുള്ള ഉപഗ്രഹങ്ങൾക്കെതിരെ പോലും ലേസർ ആയുധങ്ങൾ ഉപയോഗിക്കാം.

Advertisement