ബാല്യകാല സുഹൃത്തിന്‍റെ ഭര്‍ത്താവിനെയാണോ കല്യാണം കഴിച്ചതെന്ന് ചോദ്യം; മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡൽഹി: ബാല്യകാല സുഹൃത്തിന്റെ ഭർത്താവിനെയാണോ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇൻസ്റ്റാഗ്രാമിലെ ‘അസ് മി എനിതിംഗ്’ സെഷനിലാണ് സ്മൃതി ഇറാനി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. സുബിൻ ഇറാനിയുമായുള്ള വിവാഹത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ മുന്‍ഭാര്യ മോനയുമായുള്ള ബന്ധത്തെക്കുറിച്ചും കേന്ദ്രമന്ത്രി വിശദീകരണം നല്‍കി. സോഷ്യല്‍മീഡിയയില്‍ തന്നോട് പലരും ചോദിക്കുന്ന ചോദ്യമാണിത്. ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയായ മോണ ഇറാനിക്ക് തന്നേക്കാൾ 13 വയസ്സ് കൂടുതലായതിനാൽ എങ്ങനെയാണ് ബാല്യകാല സുഹൃത്താകുകയെന്ന് സ്മൃ ഇറാനി ചോദിച്ചു.

മോനയ്ക്ക് എന്നെക്കാൾ 13 വയസ്സ് കൂടുതലാണ്. അതുകൊണ്ട് തന്നെ അവര്‍ എന്‍റെ ബാല്യകാല സുഹൃത്താണോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. മോന ഒരു രാഷ്ട്രീയക്കാരിയല്ല, അവര്‍ കുടുംബമായി ജീവിക്കുകയാണ്. അവരെ ഇതിലേക്ക് വലിച്ചിഴക്കുകയും അപമാനിക്കുകയും ചെയ്യരുത്. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സാധാരണക്കാരിയെ ഇത്തരം വിവാദങ്ങളിലുള്‍പ്പെടുത്തരുതെന്നും ബഹുമാനം അർഹിക്കുന്ന സ്ത്രീയാണ് മോനയെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

2001ലാണ് സുബിൻ ഇറാനിയെ സ്മൃതി ഇറാനി വിവാഹം കഴിച്ചത്. ദമ്പതികൾക്ക് സോഹർ എന്ന മകനും സോയിഷ് എന്ന മകളുമുണ്ട്. സുബിൻ ഇറാനി മുമ്പ് മോന ഇറാനിയെ വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തില്‍ ഒരു മകളുണ്ട്. അഭിനേത്രിയായിരുന്നതിനാല്‍ ടെലിവിഷന്‍ അനുഭവങ്ങള്‍ നഷ്ടപ്പെടുന്നുണ്ടോ എന്നും ചോദ്യമുയര്‍ന്നു. അന്ന് അത് മഹത്തരമായിരുന്നു. ഇനി എന്നെങ്കിലും ഉണ്ടാകുമോ എന്ന് പറയാനാകില്ലെന്നും കാലം ഉത്തരം നല്‍കുമെന്നും അവര്‍ പറഞ്ഞു.

പാര്‍ലമെന്‍റ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിജെപി വനിതാ അംഗങ്ങള്‍ക്ക് ഫ്ലൈയിങ് കിസ് നല്‍കിയെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

Advertisement