സതാംപ്ടൺ: ആദ്യ ട്വന്റി20 കഴിഞ്ഞതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങുന്നു എന്ന പോസ്റ്റുമായി സഞ്ജു സാംസൺ. ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20യിൽ മാത്രമാണ് സഞ്ജു ഇന്ത്യൻ സ്‌ക്വാഡിൽ ഉൾപ്പെട്ടത്.
എന്നാൽ സതാംപ്ടണിൽ പ്ലേയിങ് ഇലവനിൽ ഇടംനേടാൻ മലയാളി താരത്തിനായില്ല. തുടർന്ന് വീട്ടിലേക്ക് മടങ്ങുന്നു എന്ന പോസ്റ്റുമായി സഞ്ജു സാംസൺ സമൂഹമാധ്യമങ്ങളിലെത്തുകയായിരുന്നു.
ഇന്ത്യൻ ടീം ജേഴ്സിയിൽ ബാറ്റുമായി നിൽക്കുന്ന ഫോട്ടോയാണ് സഞ്ജു പങ്കുവെച്ചത്. വീട്ടിലേക്ക് മടങ്ങുന്നു, എല്ലാവർക്കും നന്ദി, സഞ്ജു ഫോട്ടോയ്ക്കൊപ്പം കുറിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച കളിക്കാരുടെ ചിത്രങ്ങളിൽ സഞ്ജുവിന് വേണ്ടി ലൈക്കും കമന്റുമായി ആരാധകർ നിറഞ്ഞിരുന്നു.
സതാംപ്ടണിലെ ആദ്യ ട്വന്റി20യിൽ ദീപക് ഹൂഡയ്ക്ക് അവസരം നൽകാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. കോഹ് ലി, ഋഷഭ് പന്ത് ഉൾപ്പെടെയുള്ളവർ രണ്ടാം ട്വന്റി20 മുതൽ ടീമിനൊപ്പം ചേരുന്നതോടെ സഞ്ജുവിനും രാഹുൽ ത്രിപാഠി ഉൾപ്പെടെയുള്ള താരങ്ങളും നാട്ടിലേക്ക് തിരിക്കും. അയർലൻഡിന് എതിരെ ഋതുരാജ് ഗയ്കവാദിന് പരിക്കേറ്റതോടെയാണ് സഞ്ജു അവസാന മത്സരം കളിച്ചത്. അർധ ശതകം പിന്നിട്ട് സഞ്ജു മികവ് കാണിക്കുകയും ചെയ്തു. എന്നാൽ അയർലൻഡിന് എതിരെ സെഞ്ചുറിയും അർധ ശതകവും നേടി ദീപക് ഹൂഡ ടീം മാനേജ്മെന്റിന്റെ വിശ്വാസം നേടി. അയർലൻഡിൽ സഞ്ജുവിന് വലിയ പിന്തുണയാണ് കാണികളിൽ നിന്നും ലഭിച്ചത്.