ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും: ആശ്വാസ ജയം തേടി വെസ്റ്റ്

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയത്തോടെ പരമ്ബര തൂത്തുവാരാനാകും ഇന്ത്യയുടെ ശ്രമം.

ഇന്ത്യൻ സമയം രാത്രി ഏഴിന് പോർട്ട് ഓഫ് സ്‌പെയിനിലാണ് മത്സരം. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച്‌ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ആദ്യ ഏകദിനത്തിൽ ഇന്ത്യ മൂന്ന് റൺസിനാണ് വിൻഡീസിനെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിന് ജയിച്ചു. ധവാനും ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും അടങ്ങുന്ന മുൻനിര മികച്ച ഫോമിലാണ്. സഞ്ജു സാംസണും ദീപക് ഹൂഡയും അടങ്ങുന്ന മധ്യനിരയിലെ ആശങ്കയും രണ്ടാം ഏകദിനത്തോടെ അകന്നു. സൂര്യകുമാർ യാദവിന്റെ മോശം ഫോം മാത്രമാണ് നിരാശപ്പെടുത്തുന്നത്.

പരിക്കുമൂലം ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന രവീന്ദ്ര ജഡേജ തിരിച്ചെത്തുകയാണെങ്കിൽ ചാഹലിന് വിശ്രമം അനുവദിച്ചേക്കും. ആവേശ് ഖാന് പകരം പ്രസിദ്ധ് കൃഷ്ണ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. എന്നാൽ, വിൻഡീസ് ഇലവനിൽ ഷായ് ഹോപ്പും നിക്കോളാസ് പുരാനും ഒഴികെ മറ്റാർക്കും ഫോം കണ്ടെത്താനായിട്ടില്ല. സമ്ബൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കി ആശ്വാസ ജയം തേടിയാവും പുരാനും സംഘവും ഇന്നിറങ്ങുന്നത്.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ഷർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ/ അർഷ്ദീപ് സിംഗ്.

Advertisement