വെറ്റിലയും തേങ്ങയും വടക്കേഇന്ത്യാക്കാര്‍ക്ക് എത്തിക്കാന്‍ തപാല്‍ വകുപ്പും കൈകോര്‍ക്കുന്നു

പല്‍ഘാര്‍: വെറ്റിലയും തേങ്ങയും ഇനി തപാല്‍ വഴിയും. ഇതിനായി ഇന്ത്യന്‍ റെയില്‍വയുടെ സഹകരണവും ഉണ്ടാകും. പല്‍ഘാറിലെ കെല്‍വെയില്‍ നിന്ന് ന്യൂഡല്‍ഹി, വാരണസി, പാറ്റ്‌ന, ലഖ്‌നൗ, തുടങ്ങിയ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് തപാല്‍മാര്‍ഗം കടത്താന്‍ ഉദ്ദേശിക്കുന്നത്. ഈ മേഖലകളില്‍ വെറ്റിലയ്ക്ക് നല്ല വിപണിയാണ് ഉള്ളത്.

ഇവയടക്കമുള്ള കാര്‍ഷികോത്പന്നങ്ങള്‍ മറ്റിടങ്ങളിലേക്ക് എത്തിക്കാനുള്ള കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പശ്ചിമ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ജി വി എല്‍ സത്യകുമാര്‍ നേരിട്ട് വിലയിരുത്തി. ഇതിന്റെ അടിസ്ഥാന്തതിലാണ് റെയില്‍വേയുടെയും തപാല്‍ വകുപ്പിന്റെയും സഹകരണത്തോടെ ഇവ മറ്റിടങ്ങളില്‍ എത്തിക്കാന്‍ ധാരണയായത്. പഴങ്ങളും പച്ചക്കറികളും എളുപ്പത്തില്‍ കേടാവുന്ന മറ്റ് കാര്‍ഷികോത്പന്നങ്ങളും മറ്റിടങ്ങളിലെത്തിക്കാന്‍ കര്‍ഷകരും കര്‍ഷക സംഘടനകളും നിരന്തരം റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കെല്‍വെയിലെ കര്‍ഷകര്‍ നാല് ടണ്ണോളം വെറ്റിലയും മറ്റ് കാര്‍ഷികോത്പന്നങ്ങളും വടക്കേ ഇന്ത്യയിലേക്ക് പതിവായി കയറ്റി അയക്കുന്നുണ്ട്. റോഡ് മാര്‍ഗം ഇവ അയക്കേണ്ടി വരുമ്പോള്‍ ചെലവ് വര്‍ദ്ധനയ്ക്ക് പുറമെ ഇവ നശിക്കുന്നതും കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ റെയില്‍ മാര്‍ഗം ഇവ കയറ്റി അയക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുന്നു.

രണ്ട് കൊല്ലത്തെ ലോക്ഡൗണ്# കാലത്ത് മേഖലയിലെ കാര്‍ഷികോത്പന്നങ്ങള്‍ ജമ്മു താവി പാഴ്‌സല്‍ സ്‌പെഷ്യല്‍ ട്രെയിനിലാണ് കൊണ്ടുപോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ സര്‍വീസ് നിര്‍ത്തി വച്ചു. വടക്കേന്ത്യയിലേക്ക് പോകുന്ന ട്രെയിനുകളില്‍ ഇവ കയറ്റി അയക്കാന്‍ അധികൃതര്‍ കനിയണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വച്ചിരുന്നു.

Advertisement