ബ്രിട്ടീഷ് ഭരണകാലത്തെ സ്വര്‍ണനാണയങ്ങള്‍ വാങ്ങി; കസ്റ്റംസ് ഉദ്യോഗസ്ഥന് നഷ്ടമായത് 13.5 ലക്ഷം രൂപ

Advertisement


മുംബൈ: ബ്രിട്ടീഷ് ഭരണകാലത്തെ സ്വര്‍ണനാണയങ്ങള്‍ എന്ന് പറഞ്ഞ് വ്യാജ നാണയങ്ങള്‍ നല്‍കി പറ്റിച്ചതായി പരാതി. മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നവി മുംബൈയിലെ നേവ ഷേവ പൊലീസില്‍ പരാതി നല്‍കിയത്.

അഞ്ഞൂറ് സ്വര്‍ണനാണയങ്ങള്‍ വാങ്ങി തന്റെ പക്കല്‍ നിന്ന് പതിമൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായും ഉദ്യോഗസ്ഥന്‍ പരാതിയില്‍ പറയുന്നു. ഉല്‍വെയില്‍ താമസിക്കുന്ന പരാതിക്കാരന്‍ അന്ധേരിയിലാണ് ജോലി ചെയ്യുന്നത്. ഈ മാസം മൂന്നിന് ഇദ്ദേഹം തന്റെ കാര്‍ സര്‍വീസ് ചെയ്യാന്‍ കൊടുത്തിട്ട് നിന്നപ്പോള്‍ അപരിചിതനായ ഒരാള്‍ തന്നെ സമീപിക്കുകയും രാജു പ്രജാപതി എന്ന് പരിചയപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. തന്റെ പക്കല്‍ ബ്രിട്ടീഷ് ഭരണകാലത്തെ ചില സ്വര്‍ണ നാണയങ്ങള്‍ ഉണ്ടെന്നും അത് വില്‍ക്കണമെന്ന് കരുതുന്നതായും അയാള്‍ പറഞ്ഞു.
പ്രജാപതി ചില നാണയങ്ങള്‍ കാട്ടി. അതുമായി തൊട്ടടുത്തുള്ള ഒരു സ്വര്‍ണക്കടയില്‍ ചെന്നപ്പോള്‍ അവ സ്വര്‍ണമാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത ദിവസം കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞ് അയാള്‍ പോകുകയും ചെയ്തു. പിറ്റേദിവസം ഇയാള്‍ കാല്‍വയിലേക്ക് പരാതിക്കാരനെ വിളിച്ച് വരുത്തി. പ്രജാപതിയുടെ അമ്മയും സഹോദരനുമാണെന്ന് പറഞ്ഞ് അവിടെ വച്ച് രണ്ട് പേരെ പരിചയപ്പെടുത്തുകയും ചെയ്തു.

അഞ്ഞൂറ് നാണയങ്ങള്‍ അടങ്ങിയ പൊതി കാട്ടുകയും ചെയ്തു. ഇതില്‍ നിന്ന് കുറച്ച് കൂടി സ്വര്‍ണക്കടയില്‍ കൊണ്ടു ചെന്ന് പരിശോധിച്ച് സ്വര്‍ണമാണെന്ന് ഉറപ്പ് വരുത്തി. അഞ്ഞൂറ് നാണയങ്ങള്‍ നല്‍കാമെന്നും പതിനഞ്ച് ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഭീവണ്ടിയില്‍ വച്ച് കാണാമെന്നും പറഞ്ഞു. പതിമൂന്നരലക്ഷം രൂപ സംഘടിപ്പ് ഇയാള്‍ക്ക് ജൂണ്‍ അഞ്ചിന് ഭീവണ്ടിയില്‍ വച്ച് കൈമാറി. രണ്ട് ദിവസത്തിനകം ബാക്കി തുക നല്‍കാമെന്നും പറഞ്ഞു. ഇതോടെ പ്രജാപതി നാണയങ്ങള്‍ നല്‍കി. പിന്നീട് ഈ നാണയങ്ങള്‍ സ്വര്‍ണക്കടയില്‍ കാട്ടിയപ്പോള്‍ അത് സ്വര്‍ണമല്ലെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് പ്രജാപതിയെ ഫോണില്‍ വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെയാണ് ചതി മനസിലായത്.

Advertisement