ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ നിയമസഭയിൽ നടൻ വിജയ് നടത്തിയ പരാമർശങ്ങൾക്കും ആംഗ്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മിസ നിയമത്തെയും അടിയന്തരാവസ്ഥക്കാലത്തെ തന്റെ ജയിൽവാസത്തിനിടെയുണ്ടായ പരിക്കിനെയും പരാമർശിച്ചായിരുന്നു വിജയ്‌യുടെ പ്രസംഗം. ഇതിന് പിന്നാലെ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.
സിനിമാ ഷൂട്ടിങ്ങിന് സമാനമായാണ് വിജയ് ഭരണം നടത്തുന്നതെന്നും റീൽസുകളും ഫോട്ടോഷൂട്ടുകളും ഉപയോഗിച്ച് ഭരണപരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റാലിൻ ആരോപിച്ചു.
“തമ്പി വിജയ്, നിങ്ങൾ പറഞ്ഞത് സത്യമാണ്. അടിയന്തരാവസ്ഥക്കാലത്തെ എന്റെ പോരാട്ടം ഡിഎംകെയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ചരിത്രത്തെ തിരുത്താൻ നിങ്ങൾക്ക് കഴിയില്ല. ജയിലിൽ ക്രൂരമായ മർദനമേറ്റാണ് എനിക്ക് താടിയെല്ലിന് പരിക്കേറ്റത്. ആ ആക്രമണം തടയുന്നതിനിടെയാണ് മുൻ മദ്രാസ് മേയറും ഡിഎംകെ എംപിയുമായ ചിട്ടി ബാബു ജയിലിൽ കൊല്ലപ്പെട്ടത്,” സ്റ്റാലിൻ പറഞ്ഞു.
ചരിത്രം അറിയാൻ നിയമസഭയിലെ ലൈബ്രറിയിൽ പോയി പഠിക്കണമെന്നും സ്റ്റാലിൻ വിജയിയോട് ആവശ്യപ്പെട്ടു. നിയമസഭയിൽ താടിയിൽ കൈവെച്ച് നടത്തിയ ആംഗ്യം ഉദ്ദേശപൂർവമല്ലെന്ന വിജയ്‌യുടെ വിശദീകരണത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം.
സർക്കാർ കമ്മീഷനെയും അഴിമതി ആരോപണങ്ങളെയും കുറിച്ച് വിജയ് നടത്തിയ പരാമർശങ്ങളും സ്റ്റാലിൻ തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയിൽ ഡിഎംകെയെ കടന്നാക്രമിച്ച് നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ് താടി കൈകൊണ്ട് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദനത്തിൽ സ്റ്റാലിന്റെ താടിയെല്ലിന് പരിക്കേറ്റ സംഭവത്തെ പരിഹസിക്കുന്നതായിരുന്നു ആംഗ്യമെന്ന വിമർശനം ഇതിന് പിന്നാലെ ഉയർന്നിരുന്നു.



























