25.3 C
Kollam
Tuesday 25th August, 2026 | 07:50:02 AM
Home News Breaking News 23-കാരിയായ കാമുകിയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 19-കാരൻ മരിച്ചനിലയിൽ; രാത്രി ബോധംപോയെന്ന് യുവതി; കൊലപാതകമെന്ന് യുവാവിന്റെ ബന്ധുക്കൾ

23-കാരിയായ കാമുകിയ്ക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത 19-കാരൻ മരിച്ചനിലയിൽ; രാത്രി ബോധംപോയെന്ന് യുവതി; കൊലപാതകമെന്ന് യുവാവിന്റെ ബന്ധുക്കൾ

റായ്പുർ: കാമുകിയ്ക്കൊപ്പം ഹോട്ടലിലെത്തിയ യുവാവിനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്​​ഗഢിലെ ഭിലായിലാണ് സംഭവം. കലാകാരനും ഡ്രമ്മറുമായ 19-കാരനാണ് മരിച്ചത്. അതേസമയം, സംഭവം കൊലപാതകമാണെന്നും കാമുകിയ്ക്ക് ഇതിൽ പങ്കുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും യുവാവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

Also Read: ഒഴുകിയും നീന്തിയും, പരിഭ്രാന്തി പരത്തി പാമ്പുകൾ, ഒന്നും രണ്ടുമല്ല തൊള്ളായിരത്തോളമെണ്ണം; പുറത്ത് ചാടിയത് പാമ്പുവളർത്തൽ കേന്ദ്രത്തിൽ നിന്ന്

ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ കാമുകിയ്ക്കൊപ്പം യുവാവ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിൽവച്ച് ഇരുവരും മദ്യപിച്ചതായി കാമുകിയും മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ യുവാവിന് വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. കലഹത്തിനിടെ യുവതി ബ്ലേഡ് കൊണ്ട് കൈയിൽ സ്വയം മുറിവേൽപ്പിച്ചു. പിന്നാലെ മദ്യലഹരിയിലായിരുന്ന തനിക്ക് ബോധം നഷ്ടമായെന്നും ബുധനാഴ്ച രാവിലെ ബോധം വീണ്ടെടുത്തപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ യുവാവിനെ കണ്ടതെന്നുമാണ് യുവതിയുടെ മൊഴി.

ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ യുവാവിനെ യുവതി തന്നെ കെട്ടഴിച്ച് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളെ വിവരമറിയിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.

അതേസമയം, സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ആറുമാസം മുൻപാണ് യുവാവും യുവതിയും അടുപ്പത്തിലായത്. പലതവണ ഇവർ ഒരുമിച്ച് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്. യുവതി നേരത്തേ യുവാവിനെ മർദിച്ച സംഭവവുമുണ്ടായി. യുവാവിന്റെ മൃത​ദേഹത്തിൽ പലയിടത്തായി പരിക്കേറ്റ പാടുകളുണ്ടെന്നും യുവാവ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

അതിനിടെ, സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് അ​ഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇരുവരും നന്നായി മദ്യപിച്ചിരുന്നു. യുവാവ് തൂങ്ങിമരിച്ചതാണെന്ന് തന്നെയാണ് പ്രാഥമിക നി​ഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ വ്യക്തത ലഭിക്കും. ഫൊറൻസിക് തെളിവുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾക്ക് തെളിവ് ലഭിച്ചാൽ നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.