Home News National അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ലഖ്‌നൗ: വാരണാസിയില്‍ അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തു. 26കാരനായ റിത്വിക് കുന്ദു ആണ് ജീവനൊടുക്കിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഐഎംഎസ് ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയിലാണ് യവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശ്ചിമബം?ഗാളിലെ ഹൂഗ്ലി സ്വദേശിയാണ് മരിച്ച റിത്വിക്. ഐഎംഎസ്-ബിഎച്ച്‌യുവില്‍ അനസ്‌തേഷ്യോളജി വിഭാഗത്തില്‍ റെസിഡന്‍സി വിദ്യാര്‍ഥിയായിരുന്നു.

ക്ലാസുകള്‍ക്കും ഡ്യൂട്ടിയ്ക്കും റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ റിത്വിക്കിനെ അന്വേഷിച്ച് സുശ്രുത് ഹോസ്റ്റലിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ബിഎച്ച്‌യു അധികൃതരെ വിവരം അറിയിച്ചു. വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഐവി ഡ്രിപ്പ് ഘടിപ്പിച്ച് കിടക്കയില്‍ റിത്വിക് അനങ്ങാതെ കിടക്കുന്നതായി കണ്ടെത്തി.

ഡ്രിപ്പിലൂടെ അനസ്‌തേഷ്യ മരുന്ന് അമിത അളവില്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കും ഫോറന്‍സിക് വിശകലനത്തിനും ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകു എന്ന് പൊലീസ് പറഞ്ഞു. ‘മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ തനിക്ക് കഴിഞ്ഞില്ല. പുറത്തു നിന്ന് കാണുന്നതിനേക്കാള്‍ വളരെ കഠിനമായിരുന്നു ജീവിതം, സ്വന്തം ഇഷ്ടപ്രകാരം ജീവിതം അവസാനിപ്പിക്കുന്നു. തന്റെ മരണത്തില്‍ ആരെയും കുറ്റപ്പെടുത്തരുത്, പപ്പയും അമ്മയും ക്ഷമിക്കണം’ – എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.