Home News National വോട്ട് വെട്ടി; പിന്നെ പാസ്‌പോര്‍ട്ട് പോയി; മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനായില്ലെന്ന് ടെലിഗ്രാഫ് മുന്‍ പത്രാധിപര്‍

വോട്ട് വെട്ടി; പിന്നെ പാസ്‌പോര്‍ട്ട് പോയി; മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനായില്ലെന്ന് ടെലിഗ്രാഫ് മുന്‍ പത്രാധിപര്‍

കൊല്‍ക്കത്ത: ബംഗാളിലെ വോട്ടര്‍പ്പട്ടിക തീവ്രപരിഷ്‌കരണം പൂര്‍ത്തിയായപ്പോള്‍, പ്രമുഖ പത്രപ്രവര്‍ത്തകനും ‘ദ ടെലിഗ്രാഫ്’ പത്രത്തിന്റെ മുന്‍ പത്രാധിപരുമായ ആര്‍ രാജഗോപാലിന്റെ പേര് വോട്ടര്‍പ്പട്ടികയിലില്ല. വോട്ടര്‍പ്പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാത്തതിനാല്‍ കാലിഫോര്‍ണിയയില്‍ പത്രപ്രവര്‍ത്തകയായ മകളുടെ, സാന്‍ഫ്രാന്‍സിസ്‌കോയില്‍നടന്ന വിവാഹത്തിന് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. രാജഗോപാല്‍തന്നെയാണ് ഇക്കാര്യം സാമൂഹികമാധ്യമത്തിലൂടെ പുറത്തറിയിച്ചത്.

ഇരയായി ചിത്രീകരിക്കാനല്ല, മറിച്ച് പത്രപ്രവര്‍ത്തകനായി ജീവിതം ഉഴിഞ്ഞുവെക്കുകയും താരതമ്യേന അറിയപ്പെടുന്ന പത്രത്തിന്റെ പത്രാധിപരാവുകയുംചെയ്ത ഒരാള്‍ക്കുപോലും ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നാല്‍, സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ എന്തെല്ലാം സഹിക്കേണ്ടിവരുമെന്ന് അറിയിക്കാനാണെന്ന് സാമൂഹികമാധ്യമക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

’30 വര്‍ഷമായി ഞാന്‍ താമസിക്കുന്ന ബാലിഗഞ്ജ് മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ പാസ്പോര്‍ട്ട് അപേക്ഷാ പരിശോധന നടത്തിയ പൊലീസ് പ്രതികൂല റിപ്പോര്‍ട്ടു നല്‍കി. ഇതുമൂലം പതിറ്റാണ്ടുകള്‍ പഴക്കമുള്ള പല കുടുംബരേഖകളും തപ്പിയെടുക്കാന്‍ സമയം മുഴുവന്‍ വിനിയോഗിക്കേണ്ട അവസ്ഥയിലായി. പശ്ചിമബംഗാളിലെ 27 ലക്ഷം പേരെപ്പോലെ, ‘യുക്തിപരമായ പൊരുത്തക്കേടുകള്‍’ ചൂണ്ടിക്കാട്ടിയാണ് എന്നെയും ഒഴിവാക്കിയത്. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടും കാരണം വ്യക്തമാക്കാതെ തള്ളി. ഇപ്പോള്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച ട്രിബ്യൂണലുകളില്‍ ഒന്നിന്റെ പരിഗണനയിലാണ് അപ്പീല്‍. അതുകാരണം വോട്ടുചെയ്യാനായില്ല. മാര്‍ച്ച് 19-ന് ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും, എന്റെ പേര് വോട്ടര്‍പ്പട്ടികയിലില്ലെന്ന കാരണത്താല്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ പോലീസ് പരിശോധനയും പൂര്‍ത്തിയായിട്ടില്ല. മറ്റ് ഒട്ടേറെ രേഖകള്‍ സമര്‍പ്പിച്ചെങ്കിലും അവ അപര്യാപ്തമാണെന്നാണ് അറിയിച്ചത്. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ട് 100 ദിവസമായി. ഇപ്പോള്‍ എന്റെ സമയത്തിന്റെ വലിയൊരുഭാഗം കുടുംബത്തിന്റെ പഴയ രേഖകള്‍ വീണ്ടും കണ്ടെത്താനും പതിറ്റാണ്ടുകള്‍ പഴക്കമുള്ള രേഖകള്‍ ശേഖരിക്കാനുമാണ് ചെലവാകുന്നത്.’ രാജഗോപാല്‍ എഴുതുന്നു.

ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരിക്കുകയും ഒരു പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്ത തനിക്കു ഇതാണു അനുഭവമെങ്കില്‍ സാധാരണക്കാരന്റെ ഗതിയെന്താകുമെന്നു രാജഗോപാല്‍ ചോദിക്കുന്നു. കൊല്‍ക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍നിന്ന് മാര്‍ച്ചിലാണ് രാജഗോപാല്‍ പുറത്തായത്. 2002-ലെ വോട്ടര്‍പ്പട്ടികയില്‍ തന്റെയോ പിതാവിന്റെയോ പേരില്ലെന്നതാണ് കാരണമായി പറഞ്ഞത്. പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിതെന്നു കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി.