Home News National റീൽസ് ചിത്രീകരണത്തിനായി വനിതാ സ്കൂട്ടർ യാത്രികരെ ബൈക്ക് ഇടിപ്പിച്ച് വിനോദം കണ്ടെത്തിയിരുന്ന റൈഡർ യൂട്യൂബർ പിടിയിൽ

റീൽസ് ചിത്രീകരണത്തിനായി വനിതാ സ്കൂട്ടർ യാത്രികരെ ബൈക്ക് ഇടിപ്പിച്ച് വിനോദം കണ്ടെത്തിയിരുന്ന റൈഡർ യൂട്യൂബർ പിടിയിൽ

Advertisement

ന്യൂഡൽഹി: സ്കൂട്ടറിൽ യാത്ര ചെയ്യുന്ന വനിതകളെ റീൽസ് ചിത്രീകരണത്തിനായി ബൈക്ക് ഇടിപ്പിച്ച് വിനോദം കണ്ടെത്തിയിരുന്ന റൈഡർ യൂട്യൂബർ പിടിയിൽ. 32 കാരനായ ഗുർമാൻ സിംഗ് ആണ് പൊലീസിന്റെ പിടിയിലായത്. ‘റോഡ് സേഫ്റ്റി വാല’ എന്ന പേരിലുള്ള സോഷ്യൽമീഡിയ അക്കൗണ്ടിലേയ്ക്ക് വീഡിയോ ഇടുന്നതിനായിരുന്നു ഇയാൾ വനിതാ സ്കൂട്ടർ യാത്രികരെ ഇടിച്ചിട്ടുകൊണ്ടിരിക്കുന്നത്. സംശയം തോന്നാതിരിക്കാൻ ഉടൻ തന്നെ “സോറി സഹോദരി” എന്ന് പറഞ്ഞ് മാപ്പ് ചോദിക്കും. തുടർന്ന് ഇടിച്ചിടുന്നതിന്റെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് പേജുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ഇയാളുടെ പതിവ് രീതി. ഡൽഹിയിലെ സുഭാഷ് നഗറിൽ നിന്നാണ് ഇയാൾ പിടിയിലായത്.


ജൂൺ 2-ന് രാജ ഗാർഡൻ സ്വദേശി സണ്ണി അറോറ നൽകിയ പരാതിയിലാണ് യൂട്യൂബ‌റുടെ വിനോദം പുറംലോകം അറിഞ്ഞത്. തന്റെ പെൺമക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മനഃപൂർവം ബൈക്ക് ഇടിപ്പിക്കുകയും അവരെ പിന്തുടർന്ന് മോശമായി സംസാരിച്ചതായും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചതായി കണ്ടെത്തിയത്.



നിരത്തുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഗുർമാൻ സിംഗ് ലക്ഷ്യം വെക്കുകയും മനഃപൂർവ്വം അവരുടെ വാഹനങ്ങളിൽ ഇടിക്കുകയുമാണ് പതിവെന്ന് പൊലീസ് പറയുന്നു. പ്രതിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിൽ നിന്ന്, ഭൂരിഭാഗം വീഡിയോകളിലും സ്ത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണുള്ളതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ ഫോറൻസിക്, സാങ്കേതിക നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ കൂട്ടാനും, വീഡിയോകൾ വൈറലാക്കി സമൂഹമാധ്യമങ്ങളിൽ നിന്നും വരുമാനം കണ്ടെത്താനുമാണ് ഇത്തരം വീഡിയോകൾ ചെയ്തതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കൂടുതൽ ആളുകളെ ആകർഷിക്കാനും സ്വന്തം തൃപ്തിക്കുമായി ബോധപൂർവ്വം സ്ത്രീകളെ ടാർഗെറ്റ് ചെയ്തതായും ഇയാൾ സമ്മതിച്ചു. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനായുള്ള നടപടികൾ ആരംഭിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here