26.4 C
Kollam
Saturday 13th June, 2026 | 02:17:01 AM
Home News National സെമിയില്‍ പരാജയം, വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ഗെയിംസില്‍ പങ്കെടുക്കാനാവില്ല

സെമിയില്‍ പരാജയം, വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ഗെയിംസില്‍ പങ്കെടുക്കാനാവില്ല

Advertisement

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ഗുസ്തി യോഗ്യതാ ട്രയല്‍സിലെ വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമിഫൈനലില്‍ പ്രമുഖ താരം വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു. ആവേശകരമായ പോരാട്ടത്തില്‍ മീനാക്ഷി ഗോയാതിനോട് 6-4 എന്ന സ്‌കോറിനാണ് താരം പരാജയം വഴങ്ങിയത്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പ്രത്യേക അനുമതിയോടെ ട്രയല്‍സിലെത്തിയ വിനേഷ്, ആദ്യ റൗണ്ടില്‍ ഹരിയാന സ്വദേശി ജ്യോതിയെ 7-1 എന്ന നിലയിലും രണ്ടാം റൗണ്ടില്‍ നിഷുവിനെ 7-6 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ സെമിയിലെ ശക്തമായ പോരാട്ടത്തിനൊടുവില്‍ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയായിരുന്നു.
റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കടുത്ത എതിര്‍പ്പുകള്‍ മറികടന്നാണ് വിനേഷ് ഈ ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ മത്സരിക്കാനെത്തിയത്. താരത്തിന് മത്സരാനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഗുസ്തി ഫെഡറേഷന്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ വലിയ നിയമതര്‍ക്കങ്ങളും അനിശ്ചിതത്വങ്ങളുമാണ് നിലനിന്നിരുന്നത്. ഒടുവില്‍ ഫെഡറേഷന്റെ തടസ്സവാദങ്ങളെ നിയമപരമായിത്തന്നെ മറികടന്നാണ് വിനേഷ് 53 കിലോഗ്രാം വിഭാഗം ട്രയല്‍സില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയെടുത്തത്.
നിയമപോരാട്ടം ജയിച്ചെങ്കിലും മത്സരവേദിയിലും വിനേഷിന് കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. ശനിയാഴ്ച രാവിലെ 6.30ന് തന്നെ താരം മത്സരവേദിയായ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ എത്തിയെങ്കിലും, തൂക്കം നോക്കുന്ന വെയ്റ്റ്-ഇന്‍ നടപടികള്‍ക്കായി രാവിലെ 8.20 വരെ കാത്തിരിക്കേണ്ടി വന്നത് വലിയ വര്‍ത്തയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ മത്സരങ്ങള്‍ സമയത്തിന് ആരംഭിക്കാതിരുന്നതും വലിയ തോതില്‍ അധികൃതര്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് കാരണമായി.

Advertisement