ഇന്ത്യന്‍ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് ഇനി യുഎസ്എ, കാനഡ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

ന്യൂഡല്‍ഹി. ഇന്ത്യയിലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാര പദവി ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചതെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇതോടെ വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ (WFME) അംഗീകാരം ആവശ്യമുള്ള രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് അവസരം ലഭിക്കും. വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരം ആവശ്യമായ യുഎസ്എ, കാനഡ, ഓസ്ട്രേലിയ,ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാനും ബിരുദാനന്തര ബിരുദ പരിശീലനം ചെയ്യാനും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

നിലവിലെ 706 മെഡിക്കല്‍ കോളേജുകള്‍ക്കും WFMEയുടെ ഈ അക്രഡിറ്റേഷന്‍ ലഭിക്കുന്നതാണ്. കൂടാതെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പുതുതായി സ്ഥാപിക്കുന്ന മെഡിക്കല്‍ കോളെജുകള്‍ക്കും ഈ അംഗീകാരം ലഭിക്കും. ഇതോടെ അന്തര്‍ദേശീയ തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ഇഷ്ടയിടമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രൊഫഷണലുകളുടെയും അന്തര്‍ദേശീയ അംഗീകാരവും പ്രശസ്തിയും വര്‍ധിക്കാന്‍ പുതിയ മാറ്റം സഹായിക്കും. കൂടാതെ അക്കാദമിക രംഗത്ത് കൂടുതല്‍ സഹകരണങ്ങള്‍ക്കും ഈ നയം ഗുണകരമാകും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയായ നവീകരണത്തിനും പുരോഗതിയ്ക്കും ഈ അംഗീകാരം സഹായകമാകുമെന്നും പ്രതീക്ഷിക്കുന്നു.

ആഗോളതലത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്നത് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയാണ് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ അഥവാ WFME. എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയെന്നതും ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

മറ്റ് രാജ്യങ്ങളിലെ മെഡിക്കല്‍ ബിരുദദാരികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നയരൂപീകരണത്തിന് മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനമാണ് എജ്യുക്കേഷന്‍ കമ്മീഷന്‍ ഓണ്‍ ഫോറിന്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (ECFMG). വിദേശ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ USMLE ലഭിക്കുന്നതിനും റെസിഡന്‍സിയ്ക്കുമായി ECFMG സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിരിക്കണം.മെഡിക്കല്‍ ബിരുദകാലത്താണ് ഈ സര്‍ട്ടിഫിക്കേഷനായി അപേക്ഷിക്കേണ്ടത്. രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സര്‍ട്ടിഫിക്കേഷനായി അപേക്ഷിക്കാം.

2010ല്‍ ഒരു പുതിയനയവുമായി ECFMG രംഗത്തെത്തിയിരുന്നു. 2024 മുതല്‍ ഈ നയം പ്രാബല്യത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം ECFMG സര്‍ട്ടിഫിക്കേഷനായി അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ലോകോത്തര അംഗീകാരം ലഭിച്ച ഒരു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരിക്കണമെന്നാണ് പറയുന്നത്.

WFME അംഗീകാരത്തിനായി ഒരു മെഡിക്കല്‍ കോളേജിന് 4,98,5142 രൂപ (60000 ഡോളര്‍) ഫീസിനത്തില്‍ ചെലവാകും. സൈറ്റ് വിസിറ്റ് ടീമിന്റെ ചെലവുകളും അവരുടെ യാത്രയും താമസവും ഉള്‍പ്പടെയുള്ള ചെലവുകളാണ് ഫീസിനത്തില്‍ ഉള്‍പ്പെടുക.

Advertisement