വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി; എതിർത്ത് 2 എംപിമാർ

ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബിൽ ലോക്സഭയിൽ പാസായി. 454 എംപിമാർ ബില്ലിനെ അനുകൂലിച്ചും 2 എംപിമാർ എതിർത്തും വോട്ട് ചെയ്തു. സ്ലിപ് നൽകിയാണ് ബില്ലിൻമേൽ വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലെത്തിയിരുന്നു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും.

ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബിൽ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാൻ മണ്ഡലപുനർനിർണയം അനിവാര്യമെന്ന് നിയമമന്ത്രി പറ‍ഞ്ഞു.

ബിൽ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതിൽ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകൾക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ അവതരിപ്പിച്ച ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. എന്നാൽ, ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

Advertisement