‘വിധി എന്തായാലും കർത്തവ്യം മാറുന്നില്ല; ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കും’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കോടതിവിധി സ്റ്റേ ചെയ്ത ഉത്തരവിനു പിന്നാലെ ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി. വിധി എന്തുതന്നെ ആയാലും തന്റെ കർത്തവ്യം മാറുന്നില്ലെന്നും ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്നും രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. കുറിപ്പിനുതാഴെ രാഹുലിന് അഭിവാദ്യമർപ്പിച്ച് നിരവധിപ്പേരാണ് റീട്വീറ്റ് ചെയ്തത്.

Come what may, my duty remains the same.

Protect the idea of India.

— Rahul Gandhi (@RahulGandhi) August 4, 2023
സുപ്രീംകോടതിയുടെ സുപ്രധാന വിധിക്കു പിന്നാലെ എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിയെ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ സ്വാഗതം ചെയ്തത്. കോൺഗ്രസിലെ പ്രമുഖ നേതാക്കളുടെ ആഭിമുഖ്യത്തിലാണ് രാഹുലിന് സ്വീകരണം ലഭിച്ചത്. കോടതി വിധി കോൺഗ്രസിന്റെ മാത്രമല്ല, രാജ്യത്തിന്റെ വിജയമാണെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. രാഹുലിന്റെ അയോഗ്യത നീങ്ങുന്നതിനപ്പുറം കോൺഗ്രസിന്റെ രാഷ്ട്രീയ വിജയമായും വിധിയെ പ്രവർത്തകർ വിലയിരുത്തുന്നു.

അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചകൾക്കായി തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് പ്രവത്തകരും ഇന്ന് ഡൽഹിയിലെത്തിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്ത് രാഹുൽ ഇവരുമായി കൂടിക്കാഴ്ച നടത്തും.

Advertisement