കു‍ഞ്ഞുങ്ങളെ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞും നിലത്തിഴച്ചും അധ്യാപകർ; ഞെട്ടിക്കുന്ന വിഡിയോ

മുംബൈ: അധ്യാപകർ കുട്ടികളെ ക്രൂരമായി മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്ന വിഡിയോ പുറത്ത്. മുംബൈ കാന്തിവാലിയിലെ ഒരു പ്ലേ സ്കൂളിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കൊച്ചു കുട്ടികളെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതും തല്ലുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. രണ്ട് അധ്യാപകർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.

അധ്യാപകർ കുട്ടികളുടെ കവിളിൽ നുള്ളുകയും ആവർത്തിച്ച് അടിക്കുകയും പുസ്തകം കൊണ്ട് തലയിൽ അടിക്കുകയും ചെയ്യാറുണ്ടെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അധ്യാപകർ കുട്ടികളെ തൂക്കിയെടുത്ത് തറയിലേക്ക് എറിയുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരവധിപ്പേരാണ് ഈ വിഡിയോ കണ്ടത്.

ജനുവരി ഒന്നിനും മാർച്ച് 27നും ഇടയിൽ മൂന്ന് മാസത്തിനിടെയാണ് കുട്ടികൾ പീഡനത്തിനിരയായതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പറഞ്ഞു. വലിയ തരത്തിലുള്ള രോഷമാണ് ഉയരുന്നത്. ആരോപണവിധേയരായ അധ്യാപകർ മുമ്പും ഇത്തരം ക്രൂരത ചെയ്തിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisement