ഗർഭാവസ്ഥയിലുള്ള ശിശുക്കളെ ഗീതയും രാമായണവും പഠിപ്പിക്കും; ‘ഗര്‍ഭ സംസ്‌കാറു’മായി ആർഎസ്എസ്

ന്യൂഡൽഹി: ഗർഭാവസ്ഥയിലുള്ള ശിശുക്കളെ സംസ്‌കാരവും മൂല്യങ്ങളും പഠിപ്പിക്കാൻ ഗർഭിണികൾക്കായി ‘ഗർഭ സംസ്‌കാർ’ എന്ന പേരിൽ പരിശീലന പരിപാടിയുമായി ആർഎസ്‌എസിന്റെ അനുബന്ധ സംഘടനയായ സംവർധിനി ന്യാസ്. സംഘടനയുടെ ദേശീയ സെക്രട്ടറി മാധുരി മറാത്തെയാണ് ഇക്കാര്യം അറിയിച്ചത്.

ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ എന്നിവരെ ഉൾപ്പെടുത്തിയാണു പരിപാടി. ഗർഭാവസ്ഥയിൽ തന്നെ ശിശുക്കൾക്കു സാംസ്കാരിക മൂല്യങ്ങൾ പകർന്നുനൽകുന്നതിനായി ഗർഭകാലത്ത് ഗീത പാരായണം, രാമായണ പാരായണം, യോഗാഭ്യാസം എന്നിവ ഉൾക്കൊള്ളുന്ന പരിപാടിയാണു ന്യാസ് ആസൂത്രണം ചെയ്യുന്നത്. കുഞ്ഞിനു രണ്ടു വയസ്സാകുന്നവരെ പരിശീലനമുണ്ടാകും. ഗീതാശ്ലോകങ്ങൾ, രാമായണത്തിലെ കാവ്യങ്ങൾ എന്നിവയുടെ പാരായണത്തിന് ഊന്നൽ നൽകും. ഗർഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് 500 വാക്കുകൾ വരെ പഠിക്കാൻ കഴിയുമെന്നു മാധുരി മറാത്തെ പറഞ്ഞു.

ആർഎസ്‌എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവിക സമിതിയുടെ വിഭാഗമായ സംവർധിനി ന്യാസ്, ‘ഗർഭ സംസ്‌കാർ’ പദ്ധതിയിൽ കുറഞ്ഞത് 1000 സ്ത്രീകളെയെങ്കിലും‌ പങ്കെടുക്കിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. ഇതിന്റെ ഭാഗമായി, ഞായറാഴ്ച ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ന്യാസ് ശിൽപശാല സംഘടിപ്പിച്ചു. ഡൽഹി എയിംസിൽനിന്ന് ഉൾപ്പെടെ നിരവധി ഗൈനക്കോളജിസ്റ്റുകൾ ഇതിൽ പങ്കെടുത്തതായി മാധുരി മറാത്തെ വ്യക്തമാക്കി.

Advertisement