സ്ത്രീകൾ റെയിൽവേസ്റ്റേഷനുകളിലെ ശുചിമുറികൾ ഉപയോ​ഗിക്കാത്തതിന് കാരണം ഇത്

മുംബൈ: ദിനംപ്രതി ആയിരക്കണക്കിന് സ്ത്രീകൾ എത്തുന്ന മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളിലെ ശുചിമുറികളുടെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. അടിസ്ഥാനവൃത്തി പോലുമില്ലാത്ത ടോയ്‌ലറ്റുകൾ ഉപയോഗിക്കാനാവാതെ വലയുകയാണ് സ്ത്രീകളായ യാത്രികർ. സെന്റ് സേവിയേഴ്സ് കോളേജിലെ വിദ്യാർഥികൾ നടത്തിയ സർവേയിലാണ് സ്ത്രീകൾക്കായുള്ള ശുചിമുറികളുടെ അതീവ ദയനീയാവസ്ഥ പുറത്തുവന്നിരിക്കുന്നത്.

ആയിരം സ്ത്രീകളെയാണ് സർവേക്കായി വിദ്യാർഥികൾ തിരഞ്ഞെടുത്തത്. വൃത്തിയില്ലായ്മയും സുരക്ഷിതത്വം ഇല്ലാത്തതും മൂലം തങ്ങൾ ഏറെ ബുദ്ധിമുട്ടുന്നു എന്നാണ് ഭൂരിഭാഗവും സർവേയിൽ അഭിപ്രായപ്പെട്ടത്. ചില റെയിൽവേ സ്റ്റേഷനുകളിൽ ശുചിമുറി സംവിധാനം തന്നെ ഇല്ല എന്ന പരാതിയും സർവേയുടെ ഭാഗമായി സ്ത്രീകൾ ഉയർത്തി. പലയിടങ്ങളിലും ശുചിമുറികളിൽ സ്റ്റാഫായി നിൽക്കുന്നവർ പുരുഷന്മാരാണെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇതു മൂലം ശുചിമുറികൾ ഉപയോഗിക്കാൻ കൂട്ടാക്കാത്തവരും ഉണ്ട് .

മുംബൈയിലെ 21 റെയിൽവേ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചായിരുന്നു സർവേ. സർവേയിൽ പങ്കെടുത്തവരിൽ 30 ശതമാനം സ്ത്രീകൾ മാത്രമാണ് റെയിൽവേ സ്റ്റേഷനുകളിലെ ശുചിമുറികൾ ഉപയോഗിച്ചിട്ടുള്ളത്. അത്രയ്ക്ക് ഗതികെടുന്ന അവസ്ഥയിൽ മാത്രമേ റെയിൽവേ സ്റ്റേഷനിലെ ശുചിമുറികൾ ഉപയോഗിക്കൂ എന്ന് 21 ശതമാനം സ്ത്രീകളും വ്യക്തമാക്കി. എന്നാൽ എത്ര ബുദ്ധിമുട്ടേണ്ടി വന്നാലും റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കില്ല എന്ന നിലപാടാണ് ശേഷിക്കുന്നവർ അറിയിച്ചത്. ശുചിമുറി ഉപയോഗിച്ചിട്ടുള്ളവരിൽ 73 ശതമാനവും അടിസ്ഥാനപരമായ വൃത്തിപോലും അവിടെയില്ല എന്ന പരാതിയും ഉയർത്തിയിട്ടുണ്ട്.

വൃത്തിയില്ലായ്മ കാരണം ശുചിമുറികൾക്കടുത്തേക്ക് പോലും അടുക്കാൻ സാധിക്കുന്നില്ല എന്ന് 77 ശതമാനവും പറയുന്നു. പലയിടങ്ങളിലും ഫ്ലഷ് പ്രവർത്തിക്കാത്തതും ശരിയായ വിധത്തിൽ വാതിലുകൾ അടയ്ക്കാൻ സാധിക്കാത്തതുമെല്ലാം സ്ത്രീകളെ വലയ്ക്കുന്നുണ്ട്. വെളിച്ചമില്ലാത്തതു മൂലം ശുചിമുറിക്കുള്ളിലേക്ക് കയറാൻ പോലുമാവാതെ മടങ്ങേണ്ടി വന്നവരും ഈ കൂട്ടത്തിലുണ്ട്.

സ്റ്റേഷനുകൾക്കുള്ളിൽ സ്ത്രീ യാത്രികർക്കായി സാനിറ്ററി നാപ്കിനുകളും ടാംപൂണുകളും ലഭ്യമാക്കണമെന്ന ചർച്ചയെത്തുടർന്ന് നിരവധി സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സാനിറ്ററി ഡിസ്പെൻസറുകൾ പലയിടങ്ങളിലും സ്ഥാപിച്ചിരുന്നു. സർവേയിൽ പങ്കെടുത്ത 36 ശതമാനം സ്ത്രീകൾക്കും അത്തരമൊരു സൗകര്യം ഉള്ളതായിപോലും അറിവുണ്ടായിരുന്നില്ല. രണ്ടു ശമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇത്തരത്തിൽ പാഡുകൾ ലഭിച്ചിട്ടുള്ളത്. ഡിസ്പെൻസറുകളിൽ നിന്നും പാഡുകൾ ലഭിക്കാതെ വന്നവരും കുറവല്ല.

അൽപം കൂടി പണം കൊടുക്കേണ്ടി വന്നാലും വൃത്തിയുള്ള ശുചിമുറികൾ റെയിൽവേ സ്റ്റേഷനുകളിലുണ്ടെങ്കിൽ ഉപയോഗിക്കുമോ എന്ന ചോദ്യവും സർവേയിൽ വിദ്യാർഥികൾ ഉൾപ്പെടുത്തിയിരുന്നു. 85 ശതമാനം സ്ത്രീകളും തീർച്ചയായും ഉപയോഗിക്കും എന്ന മറുപടിയാണ് നൽകിയത്.

റെയിൽവേ സ്റ്റേഷനുകളിൽ ശുചിമുറികൾ ഉപയോഗിക്കാൻ സ്ത്രീകൾ സന്നദ്ധരാണെന്നും എന്നാൽ വൃത്തിയും സുരക്ഷയും മാത്രമാണ് അവരുടെ പ്രധാന പ്രശ്നം എന്നും വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ടിൽ എടുത്ത് പറയുന്നു.

Advertisement