ഒരു ജോലി വേണമെന്ന് വിനോദ് കാംബ്ലി; ഒരു ലക്ഷം രൂപ മാസ ശമ്പളത്തിൽ ജോലി നൽകാമെന്ന് മുംബൈയിലെ വ്യവസായി

ഒരു ജോലി വേണമെന്ന് വിനോദ് കാംബ്ലി; ഒരു ലക്ഷം രൂപ മാസ ശമ്പളത്തിൽ ജോലി നൽകാമെന്ന് മുംബൈയിലെ വ്യവസായി

മുംബൈ: താൻ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് തുറന്നു പറഞ്ഞ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിക്ക് സഹായഹസ്തവുമായി മുംബൈയിലെ വ്യവസായി സന്ദീപ് തോറാട്ട്.

ഇദ്ദേഹത്തിന്റെ കീഴിലുള്ള മുംബൈയിലെ സഹ്യാദ്രി വ്യവസായ ഗ്രൂപ്പിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിൽ ജോലി നൽകാമെന്നാണ് വാഗ്ദാനം ലഭിച്ചതെന്ന് മറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബിസിസിഐ നൽകുന്ന പ്രതിമാസ പെൻഷനായ 30000 രൂപയാണ് ആകെയുള്ള വരുമാനമെന്നും ഇതുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ലെന്നും കാംബ്ലി കഴിഞ്ഞ ദിവസ് മിഡ് ഡേ പത്രിത്തിന് നൽകി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അടുത്ത സുഹൃത്തായ സച്ചിൻ ടെൻഡുൽക്കർക്ക് തന്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ അറിയാമെങ്കിലും അദ്ദേഹത്തിൽ നിന്ന് സഹായമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു കാംബ്ലിയുടെ പ്രതികരണം. ആഭ്യന്തര ക്രിക്കറ്റ് സീസൺ തുടങ്ങാനിരിക്കെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും ചുമതല ഏൽപ്പിക്കുകയാണെങ്കിൽ തനിക്കത് വലിയ ഉപകാരമായിരിക്കുമെന്നും കാംബ്ലി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ അസോസിയേഷനെ സമീപിച്ചിരുന്നുവെന്നും കാംബ്ലി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ കാംബ്ലിയുടെ വെളിപ്പെടുത്തലുകളോട് മുംബൈ ക്രിക്കറ്റ് അസോസിയേഷനോ സച്ചിൻ ടെൻഡുൽക്കറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് മുംബൈയിലെ പ്രമുഖ വ്യവസായി കൂടിയായ സന്ദീപ് തൊറാട്ട് കാംബ്ലിക്ക് സഹായഹസ്തം നീട്ടിയിരിക്കുന്നത്.

രാജ്യത്തിനായി കളിച്ച മഹാനായൊരു താരത്തിന് ഇത്തരമൊരു അവസ്ഥ വന്നത് തന്നെ ഇരുത്തി ചിന്തിപ്പിച്ചുവെന്നും ജോലി വാഗ്ദാനവുമായി കാംബ്ലിയെ ഉടൻ കാണുമെന്നും സന്ദീപ് തോറാട്ട് പറഞ്ഞു. സഹ്യാദ്രി മൾട്ടി സ്റ്റേറ്റിന്റെ ഫിനാൻസ് ബ്രാഞ്ച് മുംബൈയിൽ തുടങ്ങാനിരിക്കുകയാണെന്നും ഈ ബ്രാഞ്ചിൽ മാനേജർ പോസ്റ്റിൽ കാംബ്ലിയെ നിയമിക്കാൻ തയാറാണന്നും സന്ദീപ് വ്യക്തമാക്കി.എന്നാൽ സന്ദീപിന്റെ ജോലി വാഗ്ദാനത്തോട് കാംബ്ലി ഇതുവരെ മനസു തുറന്നിട്ടില്ല.

Advertisement