വ്യോമസേനയ്ക്ക് ബോംബറില്ലെന്ന കുറവ് ഉടൻ മാറിയേക്കും, സ്വന്തമാക്കാൻ ഒരുങ്ങുന്നത് റഷ്യൻ യുദ്ധ വിമാനം

ന്യൂഡൽഹി : പ്രതിരോധത്തിലൂന്നിയുള്ള ആക്രമണമാണ് ദശാബ്ദങ്ങളായി ഇന്ത്യൻ പ്രതിരോധ നയത്തിന്റെ മുഖമുദ്ര. അതായത് നമ്മുടെ അതിർത്തി ഭേദിക്കാൻ എത്തുന്ന ശത്രുക്കളെ തടുക്കുക, പരാജയപ്പെടുത്തുക എന്നതിൽ കവിഞ്ഞ് മറ്റൊരു രാജ്യത്ത് അധിനിവേശം നടത്തുന്നതിനെ കുറിച്ച്‌ ചിന്തിക്കാൻ പോലും സമാധാനത്തിനായി നിലകൊള്ളുന്ന ഇന്ത്യ തയ്യാറല്ല.

ഇക്കാരണങ്ങളാൽ തന്നെ ഇന്ത്യൻ വ്യോമസേന ലോകത്തിലെ നാലാമത്തെ വലിയ വ്യോമസേനയാണെങ്കിലും, മികച്ചൊരു ബോംബർ വിമാനം വ്യോമസേനയിലില്ല. എന്നാൽ ഈ കുറവ് നികത്താനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

റഷ്യയുടെ കരുത്തരായ ടി യു 160 വിമാനമാണ് ഇന്ത്യ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. 1987ൽ കന്നിപ്പറക്കൽ നടത്തിയ റഷ്യൻ സ്ട്രാറ്റജിക് ബോംബറാണ് ഇവ. ഇപ്പോഴും റഷ്യൻ വ്യോമസേനയിൽ ബോബറുകൾക്ക് സവിശേഷ സ്ഥാനമാണുള്ളത്. ലോകമെമ്പാടുമുള്ള ചുരുക്കം രാജ്യങ്ങൾ മാത്രമാണ് സൂപ്പർ സോണിക് ബോംബറുകൾ ഉപയോഗിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയാൽ നവീകരിച്ച ബോംബറുകളാണ് റഷ്യ ഇപ്പോൾ ഉപയോഗിക്കുന്നത്.

വെറ്റ് സ്വാൻ എന്ന വിളിപ്പേരിലുള്ള ടി യു 160 ബോംബറുകളിലാണ് ഇന്ത്യയുടെ കണ്ണ് പതിഞ്ഞിരിക്കുന്നത. നാറ്റോ രാജ്യങ്ങൾ ബ്ളാക്ക് ജാക്ക് എന്ന അപരനാമത്തിലാണ് ഈ വിമാനങ്ങളെ വിളിക്കുന്നത്. ഭൂഖണ്ഡാന്തര ഓപ്പറേഷനുകൾക്ക് വരെ അനുയോജ്യമാണ് ഈ യുദ്ധവിമാനങ്ങൾ. അതായത് ഒരു രാജ്യത്തിന്റെ അതിർത്തിയിൽ നിന്നും വളരെ അകലെയുള്ള ശത്രുക്കളെ ഭസ്മീകരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

പ്രാഥമിക ഘട്ടത്തിൽ റഷ്യയിൽ നിന്നും ഇന്ത്യ ബോംബറുകൾ വാങ്ങില്ലെന്നും, പാട്ടത്തിനെടുത്ത് ഉപയോഗിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് വിമാനങ്ങളാവും പാട്ടത്തിനെടുക്കുക. ഇതിനായി വ്യോമസേന സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.

സൂപ്പർസോണിക് വേഗത്തിൽ പറക്കുവാൻ കഴിയുന്ന വൈറ്റ് സ്വാൻ ഏറ്റവും സാങ്കേതികമായി പുരോഗമിച്ചതും ആധുനികവുമായ ലോംഗ് റേഞ്ച് ബോംബറാണ്. ഒറ്റപറക്കലിൽ 12,000 കിലോമീറ്ററിനടുത്ത് പറന്ന് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നോൺസ്റ്റോപ്പ് ഫ്‌ളൈറ്റ് എന്ന ലോക റെക്കോർഡ് ഈ ബോംബർ സ്വന്തമാക്കിയിട്ടുണ്ട്. നാല് എഞ്ചിനുകളുള്ള ഈ വിമാനമാണ് നിലവിൽ ഏറ്റവും വലിയ ബോംബർ. ആണവായുധങ്ങൾ ഉൾപ്പെടെ മാരകമായ ബോംബുകൾ വർഷിക്കാനാവും.

ബോംബറുകൾ സ്വന്തമാക്കുവാനുള്ള ഇന്ത്യൻ ശ്രമം വലിയ സന്ദേശമാണ് നൽകുന്നത്. ഭാവിയിൽ പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ എല്ലാ സൂചനകളും ഇതിലുണ്ട്. നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ ബോംബറുകൾ ഇല്ലെങ്കിലും മുൻപ് കാൻബെറ എന്ന ബോംബർ വിമാനം ഗോവ പിടിച്ചെടുക്കൽ, 1965ലെ ഇന്ത്യ പാക് യുദ്ധം, 1971ലെ ബംഗ്ലാദേശ് വിമോചനം എന്നീ ഓപ്പറേഷനുകളിൽ ഉപയോഗിച്ചിരുന്നു.

Advertisement