കരുനാഗപ്പള്ളിയുടെ പഴയ പേരായ മാർട്ട യുടെ ചരിത്രരഹസ്യം,വിമർശനത്തിന് ഡോ. സുരേഷ് മാധവിന്റെ മറുപടി

കരുനാഗപ്പള്ളിയുടെ പഴയ പേരായ മാർട്ട യുടെ ചരിത്രരഹസ്യം, തേവലക്കര ആക്രമിച്ച മാർട്ടിൻ അഫോൺസാ ഡിസൂസയിൽ നിന്നാണെന്ന കണ്ടെത്തൽ ചർച്ചാവിഷയമാകുന്നു. ആ വാദത്തിനെതിരെ വന്ന വിമർശനത്തിന് ഡോ. സുരേഷ് മാധവ് മറുപടി പറയുന്നു…

വിമർശനത്തിന് ഡോ. സുരേഷ് മാധവിന്റെ മറുപടി
………………………….
🙏2022മെയ് 8ന് മാതൃഭൂമി ദിനപ്പത്രത്തിൽ -“മാർത്ത യുടെ ചരിത്രത്തെ കുറിച്ചുള്ള എന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി,ഷിജു രാമകൃഷ്ണൻ ഒരു വാർത്ത കൊടുത്തിരുന്നു. അതിനെ വിമർശിച്ചുകൊണ്ട് ചരിത്രാന്വേഷികൾ എന്ന facebook ഗ്രൂപ്പിൽ ഒരാൾ എഴുതിക്കണ്ടു. വിമർശനത്തിൽ പ്രകടമായ വ്യക്തിപരമായ ആക്ഷേപങ്ങളെ കാരുണ്യപൂർവം കാണുന്നു. ജന്മഗുണവും ശീലഗുണവുമാണല്ലോ മനുഷ്യൻ. ചരിത്രബോധത്തേക്കാൾ ദേശവികാരത്തിന്റെ ലഹരിയിൽ ജീവിക്കുന്ന നിഷ്കളങ്ക ചരിത്രവിശ്വാസികൾക്ക് അവരുടെ വിശ്വാസവുമായി തന്നെ മുന്നോട്ടു പോകാവുന്നതാണ്. കോപം വരുമ്പോൾ കണ്ണുകൾ അടയുകയും വാ തുറക്കുകയും ചെയ്യുന്നത് സ്വാഭാവികം. വിമർശകനായ ടിയാൻ, തന്റെ കുറിപ്പിനൊപ്പം post ചെയ്ത ഭൂപടം ഒന്നു കണ്ണു തുറന്നു പരിശോധിച്ചിരുന്നുവെങ്കിൽ, വികാരവിസർജനത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കുമായിരുന്നു. Marta യുടെ വലിയ സ്ഥലപരിധിയും കരുനാഗപ്പള്ളി, മരുതൂർകുളങ്ങര എന്നിവയുടെ സ്ഥാനങ്ങളും പ്രേത്യേകമായി അതിൽ സൂചിപ്പിച്ചിരിക്കുന്നു. നീണ്ടകര മുതൽ കായംകുളം വരെയായിരുന്നു “മാർത്ത” എന്ന് അതിൽ നിന്ന് വ്യക്തമാണ്.

1″മാർത്ത എന്ന സ്ഥലനാമത്തെ “മാർട്ട “എന്നാണ് വാർത്തയിൽ മനഃപൂർവം കൊടുത്തിട്ടുള്ളത് “എന്ന ആരോപണവും ബാലിശമാണ്‌. മാർട്ട യെ നാട്ടുകാർ മാർത്ത എന്നു വിളിച്ചു. കാത്തോലിക് വിഭാഗത്തിലെ ചില സ്ത്രീകൾക്ക് മാർത്ത എന്നു പേരുണ്ടല്ലോ. മാർട്ടിന്റെ സ്ത്രീലിംഗപദമാണ് മാർട്ട. മാർട്ടയെ ക്കുറിച്ച് ഏറ്റവും കൂടുതൽ പരാമർശിച്ച ഡച്ച് ക്യാപ്റ്റൻ ന്യൂ ഹോഫിന്റെ രേഖകളിൽ marta, marten എന്നിങ്ങനെ രണ്ടു രീതിയിലും കാണുന്നു. Marten എന്നാൽ മാർട്ടിൻ എന്നു തന്നെ.
2.”മരുതൂർകുളങ്ങര എന്ന സ്ഥലനാമത്തിന്റെ പറങ്കിശൈലിയിലുള്ള ചുരുക്കെഴുത്താണ് മാർത്ത എന്നാണ് ഇതുവരെയും ചരിത്രകാരന്മാരൊക്കെ വിശ്വസിച്ചുവരുന്നത് “എന്ന് വിമർശകൻ എഴുതുന്നു. ചരിത്രരചനയിൽ വിശ്വാസത്തിനേക്കാൾ തെളിവുകൾക്കാണല്ലോ പ്രാധാന്യം. പല മരം കണ്ട തച്ചൻ ഒരു മരവും മുറിക്കില്ല എന്ന മട്ടിലാണ് ചരിത്രകാരൻമാരുടെ നില. കരുനാഗപ്പള്ളിയാണ് മാർത്ത എന്നു ചിലർ. മരുതൂർകുളങ്ങരയെന്നു മറ്റു ചിലർ.മാടത്തിൻകൂർ എന്നു മറ്റു ചിലർ. മരുതൂർകുളങ്ങര എന്ന പേരുമായുള്ള സാമ്യം കൊണ്ട് മാർത്തയെ സ്ഥാനപ്പെടുത്താനുള്ള പ്രേരണ ചരിത്രാന്വേഷികൾക്ക് ഉണ്ടാകാം. “മരുതൂർകുളങ്ങരയാകാം മാർത്ത “എന്ന് “കരുനാഗപ്പള്ളിയുടെ ചരിത്രം “എന്ന ലേഖനത്തിൽ (2011)വിശ്വാസപൂർവം എഴുതിയ ഒരാളാണ് ഈയുള്ളവനും. പുതിയ അറിവുകൾ ചരിത്രധാരണകളെ എപ്പോഴും തിരുത്തികൊണ്ടിരിക്കുമല്ലോ. മരുതൂർകുളങ്ങരയാണ് marta എന്നു ഒരു ചരിത്രകാരനും തെളിവുകളോടെ പറയാതെയാണ് കരുനാഗപ്പള്ളിഎന്നും മറ്റും സ്ഥാനപ്പെടുത്തികൊണ്ടിരുന്നത്.


3.”അയൽരാജ്യത്തെ ക്ഷേത്രം കൊള്ളയടിച്ച വിദേശിയുടെ പേര് തന്റെ രാജ്യത്തെ വിളിക്കുന്നതിന്‌ മാർത്തയിലെ ഭരണാധികാരി സമ്മതിച്ചു കൊടുക്കുമെന്ന് കരുതേണ്ടതില്ല “എന്ന വാദവും ഉറങ്ങുന്ന ബുദ്ധിയിൽ നിന്ന് വരുന്നതാണ്. തിരുവിതാംകൂറിന്റെയോ ഓടനാടിന്റെയോ ഒരു ഔദ്യോഗിക രേഖയിലും മാർത്ത എന്ന പേര് രേഖപ്പെടുത്തിയിട്ടില്ല. നീണ്ടകര മുതൽ കായംകുളം വരെയുള്ള പ്രദേശത്തെ marta എന്നു പോർട്ടുഗീസുകാർ വിളിച്ചതിനെ (വിമർശകൻ കൊടുത്ത ഭൂപടം ശ്രദ്ധിക്കുക )പിന്തുടരുന്നത് അക്കാലത്തു വിദേശികൾ മാത്രമാണ്. പോർട്ടുഗീസുകാർ കീഴടക്കുന്ന പ്രദേശങ്ങളിൽ അവർ ഇഷ്ടമുള്ള പേര് കൊടുക്കാറുണ്ടെന്നു വിമർശകൻ തന്നെ സമ്മതിക്കുന്നു. പിൽകാലത്ത് നമ്മുടെ ചില ചരിത്രകാരന്മാർ marta എന്ന പേര് തരാതരം പോലെ കരുനാഗപ്പള്ളിയ്ക്കും മരുതൂർകുളങ്ങരയ്ക്കും ചാർത്തികൊടുക്കുകയാണ് ചെയ്തത്.
4.”diago gonsalves പാതിരി രചിച്ച ഗ്രന്ഥത്തിന്റെ ഒരു ഭാഗത്തും മാർട്ടിനും മാർത്തയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ല “എന്നു വിമർശകൻ പറയുന്നതും കാപട്യമാണ്‌.1615ൽ പോർട്ടുഗീസ് ഭാഷയിൽ പ്രസിദ്ധീകരിച്ച കൃതി കാണാതെയോ കണ്ണു തുറന്നു വായിക്കാതെയോ ആണ്‌ വികാരഭരിതനാകുന്നത്.പോർട്ടുഗീസ് ഭാഷാരേഖ വാർത്തയ്‌ക്കൊപ്പം കൊടുത്താൽ പറങ്കിഭാഷയുമായി പരിചയം ഇല്ലാത്ത വായനക്കാർക്ക് മുന്നിൽ അധികാരികത നടിക്കലാകും എന്നു കരുതിയാണ് വാർത്തയിൽ നിന്ന് ഒഴിവാക്കിയത്. അതല്ല, ഇംഗ്ലീഷ് വിവർത്തനത്തിന്റെ കൈയ്യെഴുത്ത് പ്രതി വാർത്തയ്‌ക്കൊപ്പം നൽകിയാൽ വിശ്വസനീയമാകുമോ? എന്നാൽ അതിനും പരിഹാരമുണ്ട്. പ്രമുഖ നിരൂപകനും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ “കേളി”യുടെ എഡിറ്ററുമായ കെ. പി രമേശിനെ പത്രാധിപത്യത്തിൽ പുറത്തുവന്നിരുന്ന ‘ശാന്തം’മാസികയിൽ (2012)ഗോൺസാൽവസ് പാതിരിയുടെ കൃതി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുബ്ടായി.24വർഷം ജർമനിയിൽ പാതിരിയായി ദിവസം അനുഷ്ഠിച്ച ഫാ. ജോൺ അറയ്ക്കലിന്റെ പ്രസ്തുത പരിഭാഷ പുസ്തകരൂപത്തിൽ ഉടൻ പ്രസിദ്ധീകരിക്കും. കൊല്ലത്തെക്കുറിച്ച് നിരവധി വിവരങ്ങൾ ഉള്ള ആ ഗ്രന്ഥത്തിലെ ഒരു പ്രധാനപരാമർശം (ഇപ്പോൾ നമ്മുടെ ചർച്ചാവിഷയമായത് )ഈ കുറിപ്പിനൊപ്പം post ചെയ്യുന്നു. മാർട്ടിൻ അഫോൺസാ ഡിസൂസയുടെ (1500-1564)ജീവചരിത്രം കൂടി പുറത്തുവരുന്നതോടെ മാർത്തയുടെ ചരിത്രം തെളിയും എന്നും കരുതാം. Kerala society pappers (1928)ൽ ഗോൺസൽവസ് പാതിരിയുടെ കൃതിയെക്കുറിച്ച് ഒരു ലേഖനം T. K joseph പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഉള്ളടക്കത്തെക്കുറിച്ചുള്ള സാമാന്യവിവരങ്ങൾ മാത്രമേ അതിലുള്ളൂ.

  1. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (1615)ൽ ഗോൺസൽവേസ് പാതിരി എഴുതിയ ചരിത്രവസ്തുതയെക്കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രവിശ്വാസപ്പുകച്ചിലുകൾക്കിടയിൽ ഇരിക്കുന്ന വിമർശകന്റെ ആത്മാശ്വാസം ഇങ്ങനെ :-
    “.. പുസ്തകത്തിൽ അങ്ങനെയുണ്ടെങ്കിൽ പാതിരിയ്ക്ക് മാർട്ടിൻ ഡിസൂസയോട് എന്തെങ്കിലും പ്രത്യേകതാത്പര്യമോ വിധേയത്വമോ ഉള്ളതിനാൽ മാർത്ത എന്ന പേര് മാർട്ടിന്റെ സ്മരണയ്ക്ക് ചാർത്തികൊടുത്തതാണ് എന്നു എഴുതിപിടിപ്പിച്ചതാകും “!
    ഗൗരവമായ ഒരു ചരിത്രവിചാരത്തിൽ തുടങ്ങിയ വിമർശകന്റെ പോക്ക് എത്ര ദുർബലമായ കാല്പനികഭാവത്തിലാണ് ചെന്നു പറ്റുന്നത് എന്നു നോക്കുക.1500 ൽ ജനിച്ച് 1564ൽ മരിച്ച മാർട്ടിൻ ഡിസൂസയും കൊല്ലത്തുണ്ടായിരുന്ന ഗോൻസൽവസ് പാതിരിയും തമ്മിൽ കണ്ടിട്ടു പോലുമില്ല എന്നിരിക്കെ വിമർശകന്റെ മനോരാജ്യ ചരിത്രജീവിതം എന്തതിശയമേ എന്നത്ഭുതപ്പെടാൻ മാത്രമേ കഴിയുന്നുള്ളു. മരുതൂർകുളങ്ങരയോടുള്ള അമിതസ്നേഹം കൊണ്ടാവാം ഇത്രയും ലോലമായ സമാധാനം കണ്ടെത്തി ലേഖകൻ ആശ്വസിക്കുന്നത് എന്നു നമുക്കും സമാധാനിക്കാം. വിമർശകന് എന്നോടല്ല ദേഷ്യം, ചരിത്ര വസ്തുത എഴുതിവെച്ച ഗോൻസൽവസിനോടാണ് എന്നത് എന്നെ അല്പം ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്.!
    നമ്മുടെ ചരിത്രകാരന്മാർ മാർത്തയുടെ സ്ഥലനാമ ചരിത്രം ശ്രദ്ധിക്കാതിരുന്നത് വിദേശ ഉപാദാനങ്ങളുടെ അഭാവം കൊണ്ടാവാം. പോർട്ടുഗീസ് രചനകൾ വേണ്ടുംവിധം ലഭ്യമായിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോള വിജ്ഞാനീയത്തിലേയ്ക്ക് ഉടൻ എത്തിച്ചേരാൻ കഴിയുന്നത് ചരിത്രവിചാരങ്ങളുടെ കാര്യത്തിലും ഗുണകരമാണ്. ഗവേഷകന്റെ ചരിത്രമാർഗവും വിശ്വാസിയുടെ ചരിത്രസങ്കൽപവും രണ്ടുരീതിയിലേ മുന്നോട്ടു പോകൂ. കരുനാഗപ്പള്ളിയുടെ ചരിത്രം യുക്തിപൂർവ്വം അന്വേഷിക്കുന്നവർ, പള്ളിയുടെ ഒരു കോണിൽ നിന്നു മാത്രം നോക്കാതെ എല്ലാ ചരിത്രമാനങ്ങളും ഒന്നു വിശകലനം ചെയ്താൽ ചില ധാരണകളെങ്കിലും ഒരുത്തിരിഞ്ഞു കിട്ടും. വലിയ പ്രകാശമൊ ന്നുമില്ലെങ്കിലും നല്ല ചൂടുള്ള വാദങ്ങൾ അവതരിപ്പിച്ച വിമർശകന്റെ കുറിപ്പാണ് ‘ചരിത്രാന്വേഷികൾ ‘എന്ന മികച്ച ഗ്രൂപ്പിൽ ഒന്നു സ്പർശിക്കുവാൻ ഈ ലേഖകന് താത്പര്യമായിത്തീർന്നത്. നന്ദി. വാദങ്ങൾ ചൂടോടെ തന്നെ തുടരട്ടെ.. 🙏
Advertisement