ആള്‍താമസം ഇല്ലാത്ത വീടിന്റെ കുളിമുറിയില്‍ കഞ്ചാവ് ചെടികള്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍. ബാബുവിന്റെ നേതൃത്വത്തില്‍ ആദിനാട് വടക്ക് നടത്തിയ പരിശോധനയില്‍ 21.20 സെന്റീമീറ്റര്‍ വീതം നീളമുള്ള രണ്ട് കഞ്ചാവ് ചെടി കണ്ടുപിടിച്ച് കേസെടുത്തു. ആദിനാട് വടക്ക് തയ്യില്‍ ക്ഷേത്രത്തിന് സമീപമുള്ള നിലംപതിക്കാറായ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വീട്ടിലെ കുളിമുറിയില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവിടെ സാമൂഹിക വിരുദ്ധ ശല്യവും കഞ്ചാവിന്റെയും മദ്യത്തിന്റെയും ഉപയോഗവും നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.എല്‍.വിജിലാല്‍, പി.എ.അജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ വൈ. സജികുമാര്‍, ബി. സന്തോഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Advertisement