ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി, ദുരൂഹതകൾ നീങ്ങുന്നില്ല

പത്തനംതിട്ട.റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് കൃഷി നടത്തിയതുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുന്നില്ല .വാച്ചർ അജേഷ് നടത്തിയ കഞ്ചാവ് കൃഷി പിഴുതെറിഞ്ഞത് തങ്ങളുടെ സാന്നിധ്യത്തിൽ ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നു . അതേസമയം റെയിഞ്ച് ഓഫീസർ ജയൻ തങ്ങളെ ബോധപൂർവ്വം കഞ്ചാവ് കേസിൽ ഉൾപ്പെടുത്താൻ ശ്രമിച്ച എന്ന ആരോപണവുമായി വനിതാ ഉദ്യോഗസ്ഥയും രംഗത്ത് എത്തി.

പ്ലാച്ചേരി ഫോറസ്റ്റേഷനിൽ കഞ്ചാവ് കൃഷി നടന്നിട്ടില്ലെന്നും ചിത്രങ്ങളടക്കം എല്ലാം വ്യാജമായി സൃഷ്ടിച്ചതാണെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വാദിച്ചിരുന്നത് . എന്നാൽ ഇത് പച്ചക്കള്ളമെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസറും , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും കഞ്ചാവ് കൃഷി നേരിട്ട് കണ്ടിട്ടുണ്ട് .എന്നിട്ടും കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നും ശബ്ദരേഖയിൽ തെളിയുന്നു

അതേസമയം സംഭവം കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്ന എരുമേലി റെയിഞ്ച് ഓഫീസർ ആയിരുന്ന ബി ആർ ജയനെതിരെയും ഗുരുതര ആരോപണങ്ങളാണ് നിലനിൽക്കുന്നത്. ജയനെതിരെ മുൻപ് പരാതി നൽകിയതിൽ വൈരാഗ്യം തീർക്കാൻ കഞ്ചാവ് കണ്ടെടുക്കുന്ന സമയത്ത് സ്റ്റേഷൻ പരിസരത്ത് പോലും ഇല്ലാതിരുന്ന വനിതാ ഉദ്യോഗസ്ഥരുടെ പേരുകൾ കൂടി എഴുതി ചേർത്തതാണ് ആരോപണം

കഴിഞ്ഞ ദിവസമാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കഞ്ചാവ് ചെടി  കണ്ടെടുക്കുന്നത് . ഇത് മറ്റാരോ ഫോറസ്റ്റ് സ്റ്റേഷനിൽ കൊണ്ടുവന്നു വെച്ചതാണെന്നാണ് കോട്ടയം ഡി എഫ് ഓ അടക്കം വാദിക്കുന്നത് .

Advertisement