തങ്ങളുടെ വാ മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്, സിദ്ധാര്‍ത്ഥിന്‍റെ കുടുംബം

തിരുവനന്തപുരം.പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ കുടുംബം. തങ്ങളുടെ വാ മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് എന്ന ആരോപണവുമായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ എത്തി കുടുംബം പിന്തുണ തേടി. സി.ബി.ഐ അന്വേഷണം വൈകുന്നതിന് കാരണം പെർഫോമ റിപ്പോർട്ട് കൈമാറുന്നതിൽ സർക്കാർ വരുത്തിയ ഗുരുതര വീഴ്ച്ച.

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം കൈമാറി ആഴ്ചകളായെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. കേസിന്റെ പൂർണ്ണ വിവരങ്ങൾ ഉള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സിബിഐക്ക് കേസ് പരിഗണിക്കാൻ കഴിയൂ. ഇതടങ്ങുന്ന പെർഫോമ റിപ്പോർട്ട് കൈമാറാത്തതാണ് പ്രതിസന്ധി. നടപടി വിവാദമായതോടെ റിപ്പോർട്ട് കൈമാറാനുള്ള തിരക്കിട്ട ശ്രമം ആരംഭിച്ചു.

അന്വേഷണം വേഗത്തിലാക്കാൻ പിന്തുണ അഭ്യർത്ഥിച്ചു സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതിപക്ഷ നേതാവിനെ സന്ദർശിച്ചു. താൻ ചതിക്കപ്പെട്ടു എന്ന് തോന്നലാണ് ഇപ്പോഴുള്ളതെന്ന് ജയപ്രകാശ് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കുടുംബത്തിൻ്റെ വാ അടക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നു എന്നും ആരോപണം.


കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി സിദ്ധാർത്ഥന്റെ കുടുംബം നടത്തുന്ന പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.

അതിനിടെ പൂക്കോട് സർവകലാശാലയിലെ പുതിയ വൈസ് ചാൻസലറെ ഗവർണർ ഇന്ന് തീരുമാനിക്കും. പ്രൊഫസർ പിസി ശശീന്ദ്രനാഥ് രാജിവച്ചതോടെയാണ് പുതിയ വിസി നിയമനം. സിദ്ധാർഥൻ്റെ മരണത്തെ തുടർന്ന് സസ്പെൻഷനിൽ ആയിരുന്ന 33 വിദ്യാർഥികളെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട്, ഗവർണറുടെ അതൃപ്തിക്ക് പിന്നാലെയാണ് പിസി ശശീന്ദ്രനാഥ് രാജിവെച്ചത്.

Advertisement