അമിതവേഗതയിൽ കാറോടിച്ച് വാഹനങ്ങളെ തുടരെ ഇടിച്ച് അപകടമുണ്ടാക്കിയ യുവാവ് പോലീസിന്റെ പിടിയിൽ


കോട്ടയം. ചിങ്ങവനത്ത് അമിതവേഗതയിൽ കാറോടിച്ച് വാഹനങ്ങളെ തുടരെ ഇടിച്ച് അപകടമുണ്ടാക്കിയ യുവാവ് പോലീസിന്റെ പിടിയിൽ. കായംകുളം സ്വദേശിയെയാണ് നാടകീയമായി പോലീസ് പിടികൂടിയത്. കാറിൽ നിന്നും അഞ്ചാഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.


ഉച്ചയ്ക്ക് ഒന്നരയോടെയാണ് എംസി റോഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മറിയപ്പള്ളി മുതൽ ചിങ്ങവനം വരെ അപകടമുണ്ടാക്കി എത്തിയ നെക്സോൺ കാർ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല. തുടർന്ന് ചിങ്ങവനം പോലീസ് ഒരു ക്രയിൻ റോഡിന് കുറുകെയിട്ടാണ് വാഹനം തടഞ്ഞത്. വാഹനം ഓടിച്ച കായംകുളം സ്വദേശി അരുണിനെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

സംഭവസമയം യുവാവിന്റെ ഭാര്യയും വാഹനത്തിൽ ഉണ്ടായിരുന്നു. കാറിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായിട്ടാണ് പൊലീസിന്റെ നിഗമനം. പരിശോധനകൾക്ക് ശേഷം ചിങ്ങവനം പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

Advertisement