ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം നേതാവിന്‍റെ മകന്‍ കാര്‍ ഓടിച്ചു കയറ്റി,കേസില്ല, പിഴമാത്രം

Advertisement

കോഴിക്കോട്. ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം നേതാവിന്‍റെ മകന്‍ കാര്‍ ഓടിച്ചു കയറ്റിയ സംഭവത്തില്‍ കേസെടുക്കാത്തത് വിവാദമാകുന്നു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് നികിതാസാണ് കാര്‍ ഓടിച്ചു കയറ്റിയത്.ഇയാള്‍ക്ക് കസബ പോലീസ് പിഴയിട്ടെങ്കിലും കേസെടുത്തില്ല.1000 രൂപ പിഴ ഈടാക്കിയതിന്റെ് രസീത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. സംഭവത്തില്‍ ഗോവാ രാജ്ഭവന്‍ പൊലീസിന് പരാതി നല്‍കും. കാര്‍ ഓടിച്ചു കയറ്റി തടസം സൃഷ്ടിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍

ഞായറാഴ്ച രാത്രി 7.50ന് മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞു ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട്ടെ വസതിയിലേക്ക് വരുമ്‌ബോള്‍ മാവൂര്‍ റോഡിലാണ് സംഭവം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് നികിതാസാണ് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനുനേരെ എറ്റിയോസ് ലിവ വാഹനം ഓടിച്ചുകയറ്റിയത്.

മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുളള ജംഗ്ഷനിലാണ് സംഭവം. ഗവര്‍ണറുടെ വാഹനം കടന്നു പോയ ഉടനെ അതിനു പിന്നിലേക്കാണ് കാര്‍ കയറിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനു നേരെ ആക്രോശിച്ചു. പൊലീസിനോട് യുവാവും കയര്‍ത്തു. കാര്‍ പിറകോട്ട് എടുക്കാന്‍ വിസമ്മതിച്ച യുവാവ് വീണ്ടും യാത്ര തുടരാന്‍ ശ്രമിച്ചു.ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നു കാര്‍ പിറകിലേക്ക് മാറ്റിയാണ് ഗവര്‍ണറുടെ ഉദ്യോഗസ്ഥരും സുരക്ഷാ വിഭാഗവും കടന്നു പോയത്.

Advertisement