നവാഗതര്‍ക്ക് കുടിവെള്ളം വിതരണം കെഎസ് യു എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി;ശാസ്താംകോട്ട കോളേജിൽ പോലീസ് ലാത്തിവീശി

ശാസ്താംകോട്ട . കോളജില്‍ അഡ്മിഷന്‍ എടുക്കാനെത്തിയവര്‍ക്ക് വെള്ളം കൊടുക്കുന്നതിനെച്ചൊല്ലി കെ.എസ്.യു പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി . സംഘർഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. ശാസ്താംകോട്ട കെ.എസ്.എം ഡി.ബി കോളേജിൽ
ഇന്നുച്ചക്കാണ് സംഭവം.ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് അഡ്മിഷൻ എടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും
കെ.എസ്.യുവിന്റെ നേതൃത്വത്തിൽ കുടിവെള്ളം സജ്ജമാക്കിയിരുന്നു. ഇത് രാഷ്ട്രീയ നേട്ടത്തിനായി കെഎസ് യു മാറ്റി എന്നാരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി. വെളളം നിറച്ച കാനിൽ ‘പ്രിയദർശിനി ‘എന്ന് പതിപ്പിച്ചിരുന്നു.ഇതാണ്
എസ്എഫ്ഐക്കാരെ പ്രകോപിപ്പിച്ചതെന്ന് കെ.എസ്.യു പ്രവർത്തകർ പറയുന്നു.തുടർന്ന് വിദ്യാർത്ഥികൾ
വെള്ളം കുടിക്കുന്നതിനിടയിൽ തട്ടിക്കളയാനും കാനുകൾ നശിപ്പിക്കാനും ശ്രമമുണ്ടായത്രേ.ഇത് കെ.എസ്.യു പ്രവർത്തകർ ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. അക്രമം അതിരുവിട്ടതോടെ കോളജ് അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി

പോലീസ് കെ.എസ്.യു പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.
പോലീസ് മർദ്ദനത്തിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അബ്ദുളളയ്ക്ക് പരിക്കേൽക്കുകയും ബോധക്ഷയം ഉണ്ടാവുകയും ചെയ്തു.ഇയ്യാളെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യൂണിയൻ ചെയർമാൻ അബ്ദുള്ള,കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അബ്ദുളള,സെക്രട്ടറി ആരോമൽ,മുൻ ചെയർമാൻ
ആസിഫ്,മുകുന്ദൻ,മുനീർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.അതിനിടെ പ്രശ്നക്കാരായ എസ്.എഫ്.ഐ പ്രവർത്തകരെ ആരെയും കസ്റ്റഡിയിലെടുക്കാൻ പോലീസ് തയ്യാറാില്ലെന്നാണ് കെഎസ് യു പ്രവര്‍ത്തകരുടെ പരാതി. എന്തായാലും അഡ്മിഷന്‍ എടുക്കാന്‍ വന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിലാണ് അക്രമം നടന്നത്.

Advertisement