മുതുപിലാക്കാട് പാർത്ഥിപൻ പാർത്ഥസാരഥിയുടെ തിരുനടയിൽ അർദ്ധരാത്രിയിൽ ആറാടി തകർത്തു;കാത്തു നിന്ന് ജനസഞ്ചയം

മുതുപിലാക്കാട് :മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ തിരുത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ച സമാപിച്ചത് അർദ്ധരാത്രി രണ്ട് മണിയോടെ.എങ്കിലും മുതുപിലാക്കാട് പാർത്ഥിപൻ എന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എടുപ്പു കാളയുടെ വരവിനായി കാത്തു നിന്നത് പതിനായിരങ്ങൾ.പൈപ്പ് മുക്ക് പൗരസമിതിയാണ് 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് പാർത്ഥിപന്റെ നിർമ്മാണം പൂർത്തികരിച്ചത്.

40 അടിയിൽ അധികം ഉയരമുള്ള പാർത്ഥിപൻ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമ്മാണം നടന്നു കൊണ്ടിരുന്ന പാർത്ഥിപനെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് ഇടിഞ്ഞകുഴിയിലേക്ക് എത്തിക്കൊണ്ടിരുന്നത്.അതുകൊണ്ടു തന്നെ ഏറെ വൈറലായ പാർത്ഥിപനെ കാണാൻ ജനസഞ്ചയമാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും മുതുപിലാക്കാട്ടേക്ക് ഒഴുകിയെത്തിയത്.ഉച്ച വെയിൽ ചാഞ്ഞതു മുതൽ മീനച്ചൂടിനെ വകവയ്ക്കാതെ പതിനായിരങ്ങൾ നാട് കയ്യടക്കി.വൈകിട്ട് 5 ഓടെ ആകാശം മുട്ടെ തലയെടുപ്പോടെ ഏഴഴകിൽ നിലയുറപ്പിച്ച മുതുപിലാക്കാട് പാർത്ഥിപൻ പാർത്ഥസാരഥിയുടെ മണ്ണിലേക്ക് നീങ്ങി.ചെണ്ട മേളവും ആർപ്പുവിളികളും നൂറുകണക്കിന് യുവതയും അകമ്പടിയേകി.

ഓരോ ചട്ടത്തിലും 40 പേർ എന്ന കണക്കെ യോദ്ധാക്കളെ പോലെ ആരോഗ്യദൃഡഗാത്രന്മാരായ ചെറുപ്പക്കാരും ആവേശം അലകടലായപ്പോൾ പാർത്ഥിപന്റെ മുന്നോട്ടുളള പ്രയാണത്തിൽ പല തടസ്സങ്ങളും നേരിട്ടു.കെട്ടുരുപ്പടികളെല്ലം ക്ഷേത്രത്തിൽ വലം വച്ച്
പിന്മാറിയപ്പോഴും പാർത്ഥിപൻ ഏഴയലത്തുപോലും എത്തിയിരുന്നില്ല.എന്നാൽ അവന്റെ വരവിനായി ജനസഞ്ചയം കാത്തിരുന്നു.ഒപ്പം പാർത്ഥസാരഥിയും.ഇരുട്ടിലൂടെ തലയെടുപ്പിന്റെ ചന്തം ചാലിച്ച് അവൻ എത്തിയപ്പോൾ സമയം രണ്ട് മണിയോട് അടുത്തിരുന്നു.

Advertisement