പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിനിടെ എടുപ്പു കുതിര മറിഞ്ഞു, നടുക്കുന്ന വിഡിയോ

പോരുവഴി. പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിനിടെ കമ്പലടി കരയുടെ കൂറ്റൻ എടുപ്പ് കുതിര വയൽതോട് മറികടക്കുന്നതിനിടെ മറിഞ്ഞു വീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കാഴ്ചക്കാരെ ഞെട്ടിത്തരിപ്പിച്ച അപകടത്തില്‍ ആളപായമുണ്ടായില്ല എന്നതാണ് ആശ്വാസമായത്.

എടുപ്പുകുതിരയെ എഴുന്നള്ളിക്കുമ്പോള്‍ ഏറെ ശ്രദ്ധാപൂര്‍വമാണ് ചെയ്യുന്നത്. ചട്ടം എടുക്കുന്നവര്‍ തമ്മിലുള്ള പൊരുത്തവും വളരെ കണക്കാക്കിയുള്ള ചലനവും ആലാത്ത് പിടിക്കുന്നതിന്‍റെ കൃത്യതയും പ്രധാനമാണ്. ഇപ്പോള്‍ ക്വട്ടേഷന്‍ ഏല്‍ക്കുന്ന എടുപ്പു സംഘങ്ങള്‍ക്ക് പലതിനും പരിചയമില്ലാത്തത് കുഴപ്പമാകുന്നുണ്ട്. മറ്റുള്ളിടത്ത് കുതിര എടുത്തവര്‍ക്കും പോരുവഴി പെരുവിരുത്തി ചെളിക്കണ്ടത്തില്‍ ചുവടുതെറ്റുന്നത് സ്വാഭാവികം

അമ്പലത്തുംഭാഗം, പനപ്പെട്ടി, കമ്പലടി, നടുവിലേമുറി,വടക്കേമുറി. പള്ളിമുറി കരകൾക്ക് കൂറ്റൻ എടുപ്പ് കുതിരകളും ഇടയ്ക്കാട് കരയ്ക്ക് കൂറ്റൻ എടുപ്പ് കാളയുമാണ് മലനടയിലെ മലക്കുട ഉത്സവത്തിനായി തയ്യാറാക്കുന്നത്. ഇതിനൊപ്പം ചെറുതും വലുതുമായ നൂറ് കണക്കിന് നേർച്ച കെട്ടുകാഴ്ചകളും അപ്പൂപ്പന് സമർപ്പിക്കാനായി ക്ഷേത്രത്തിലെത്തിക്കും.

നേർച്ച കെട്ടുകാഴ്ചകൾ പകുതിയും  മലനട കുന്നിന് താഴെ മുരവ് കണ്ടത്തിൽ എത്തിക്കഴിഞ്ഞാണ് കരക്കെട്ടുകൾ ആചാരപരമായ പൂജകൾക്ക് ശേഷം മുരവ് കണ്ടത്തിലേക്ക് നീക്കി തുടങ്ങിയത്. കരക്കെട്ടുകൾ നൂറ് കണക്കിന് ചുമലുകളിലേറി മുരവ് കണ്ടത്തിലേക്ക് നീങ്ങി തുടങ്ങിയതിന് പിന്നാലെ പെരുമഴ പെയ്തിറങ്ങി. പെരുമഴയിലും തോരാത്ത ആവേശത്തോടെ മെയ് കരുത്തിന്റെ പ്രകടനമായാണ് കുതിരകൾ അപ്പൂപ്പന്റെ അനുഗ്രഹം തേടി മുരവ് കണ്ടത്തിലേക്ക് നീങ്ങിയത്.വയൽ തോട് മറികടക്കുന്നതിനിടെ കമ്പലടി കരയുടെ കുതിര തോടിന് കുറുകെ മറിഞ്ഞു. നൂറ് കണക്കിന് ആളുകൾ കുതിരയ്ക്ക് ഒപ്പമുണ്ടായിരുന്നെങ്കിലും ആർ‌ക്കും പരിക്കേറ്റില്ല. പൂർണ്ണമായും തകർന്നതോടെ കുതിരയെ മുരവ് കണ്ടത്തിലേക്ക് എത്തിക്കാനായില്ല.

Advertisement