കുന്നത്തൂർ എൻഎസ്എസ് യൂണിയനിൽ വനിതാ സംരംഭകർക്കായി 5.43 കോടിയുടെ പദ്ധതി

Advertisement

കുന്നത്തൂർ : കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ്കരയോഗ യൂണിയനിൽ വനിതാ സംരംഭകർക്കായി 5.43 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരമായി.മുന്നാക്ക വികസന കോർപ്പറേഷന്റെ സഹകരണത്തോടെയാണ്
പദ്ധതികൾ നടപ്പാക്കുന്നത്.ഇതിൽ 1.65 കോടി രൂപ സബ്സിഡിയായി അംഗങ്ങൾക്ക് ലഭിക്കും.

123 കരയോഗങ്ങളിലെ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾ ചേർന്ന് രൂപവത്കകരിച്ചിട്ടുള്ള ജെഎൽജി വഴിയാണ് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.ഇത്തരത്തിൽ രൂപവത്കകരിചിട്ടുള്ള 164 ഗ്രൂപ്പുകളിലെ എഴുന്നൂറോളം വനിതകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.വ്യാവസായിക അടിസ്ഥാനത്തിൽ പശു,ആട്,കോഴി എന്നിവ വളർത്തൽ,തൂശനില കഫേ എന്ന പേരിൽ ഹോട്ടലുകൾ എന്നീ സംരംഭങ്ങളാണ് ആരംഭിക്കുന്നത്. പശു വളർത്തലിന് മാത്രം 308 കുടംബങ്ങൾക്കായി 3.74 കോടി രൂപയാണ് വായ്പയായി നൽകുന്നത്.
നൈപുണ്യവികസന പദ്ധതികളുടെ താലുക്ക് തല ഉദ്ഘാടനം ഞായറാഴ്ച ശാസ്താംകോട്ടയിൽ നടക്കും.രാവിലെ 9.30ന് ജെമിനി ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിക്കും.തൂശനില കഫേകളുടെ താലൂക്ക് തല ഉദ്ഘാടനം മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി പ്രേംജിത്തും ഫാമിംങ് പ്രോജക്ടുകളുടെ താലൂക്ക് തല ഉദ്ഘാടനം നബാർഡ് അസിസ്റ്റൻറ് ജനറൽ മാനേജർ ടി.കെ പ്രേംകുമാറും നിർവഹിക്കും.

സോഷ്യൽ സർവീസ് വിഭാഗം സെക്രട്ടറി ബി വി ശശിധരൻ നായർ പദ്ധതികളുടെ വിശദീകരണം നടത്തുമെന്നും യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻ പിള്ള,
സെക്രട്ടറി എം.അനിൽകുമാർ, വൈസ് പ്രസിഡൻറ് വി.ആർ. കെ ബാബു,സുരേന്ദ്രൻ പിള്ള തുടങ്ങിയവർ അറിയിച്ചു.

Advertisement