അന്തർ സംസ്ഥാന കവർച്ചക്കാർ ഏരൂർ പോലീസിന്റെ പിടിയിൽ

Advertisement

അഞ്ചൽ:കേരളത്തിലും തമിഴ്നാട്ടിലും സ്വർണ്ണ മാല പൊട്ടിച്ച് കവർച്ച നടത്തുന്ന രണ്ടംഗ സംഘത്തെ ഏരൂർ പോലീസ് പിടികൂടി. നടുക്കുന്നുംപുറം ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു (29), അശ്വതി ഭവനിൽ അഖിൽ കൃഷ്ണ (29) എന്നിവരെയാണ് ഏരൂർ എസ് ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്നാട്ടിൽ നിന്നും പിടികൂടിയത്. ഡിസംബർ പത്തൊൻപതാം തീയതി തെക്കേ നെട്ടയത്ത് സ്റ്റേഷനറി കട നടത്തുന്ന 80 വയസ്സ് പ്രായമുള്ള വൃദ്ധയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടന്നു കളഞ്ഞതാണ് ഇവർക്ക് കുരുക്ക് വീഴാൻ കാരണമായത്.

വൃദ്ധയുടെ മകളുടെ പരാതിയിൽ മേൽ ഏരൂർ പോലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി എം.എൽ സുനിൽ, പുനലൂർ ഡിവൈഎസ്പി ബി. വിനോദ്‌ എന്നിവരുടെ നിർദ്ദേശാനുസരണം ഏരൂർ സി.ഐ എം. ജി. വിനോദിന്റെയും എസ്. ഐ. ശരലാലിൻറെയും നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് സംഭവം നടന്ന് അഞ്ച് ദിവസത്തിനകം പ്രതികളെ പിടികൂടി. മൊബൈൽ ഫോൺ ലൊക്കേഷനോ സിസിടിവി ദൃശ്യങ്ങളോ ലഭ്യമാകാതിരുന്നതും അന്യസംസ്ഥാന തൊഴിലാളികൾ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി സംഭവം സമയം പ്രതികൾ ഹിന്ദി സംസാരിച്ചതും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ കുഴക്കി. തുടർന്ന് പ്രതികൾ കൃത്യം നടത്തി രക്ഷപ്പെട്ട വഴി പിന്തുടർന്ന് വീടുകൾ തോറും കയറിയിറങ്ങി നാട്ടുകാരായ അഞ്ഞൂറോളം ആളുകളെ കണ്ട് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

നാട്ടുകാരിൽ നിന്നും തൊഴിലാളികളിൽ നിന്നും മറ്റും വിവരങ്ങൾ ശേഖരിച്ച പോലീസ് പ്രതികളെ കുറിച്ച് വ്യക്തമായ ധാരണയിൽ എത്തുകയും വിഷ്ണുവിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇയാൾ തമിഴ്നാട്ടിലെ അംബാസമുദ്രത്ത് ഒരു കോളനിയിൽ ഉണ്ട് എന്ന് മനസ്സിലാക്കിയ ഏരൂർ പോലീസ് ശനിയാഴ്ച വെളുപ്പിന് നാല് മണിയോടെ അംബാസമുദ്രം വിക്രമ സിംഗ നഗറിലെത്തി ഇയാൾ ഒളിവിൽ പാർത്തിരുന്ന കൽസുണ്ട് കോളനിയിൽ നിന്നും തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പിടികൂടി. പ്രതിയെ പിടികൂടുന്നതിന് മുൻപ് തന്നെ തെളിവുകൾ എല്ലാം ശേഖരിച്ചു കഴിഞ്ഞ പോലീസിന് മുൻപിൽ കുറ്റം സമ്മതിക്കാതെ പ്രതിക്ക് മറ്റു വഴി ഇല്ലായിരുന്നു.

പ്രതിയുമായി ഞായറാഴ്ച വെളുപ്പിന് തിരികെ എത്തിയ പോലീസ് വിഷ്ണുവിൻറെ കൂട്ടാളി അഖിലിനെ നടുക്കുന്നുംപുറത്ത് നിന്നും പിടികൂടി. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് പ്രതികളുമായി തമിഴ് നാട്ടിലെത്തി പ്രതികൾ വിറ്റ സ്വർണ്ണമാല വീണ്ടെടുത്തു. ഇവർ കേരളത്തിലും തമിഴ്നാട്ടിലുമായി അടിപിടി കേസുകളിലും മോഷണം, കവർച്ച കേസുകളിലും പ്രതികളാണ്. ഇൻസ്പെക്ടർ വിനോദ്, എസ്.ഐ. ശരലാൽ, ഗ്രേഡ് എസ്.ഐമാരായ മധു, അബ്ദുൽ റഹീം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, അരുൺ, സിവിൽ പോലീസ് ഓഫീസർമാരായ ആദർശ് മോഹൻ, അനീഷ് മോൻ, അജീഷ്, അൻസി ലാൽ, ഹോം ഗാർഡ് ജയകുമാർ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement