അന്ന് മമ്മൂട്ടി പറഞ്ഞു, ഇപ്പോള്‍ പൃഥ്വിരാജ് പറഞ്ഞ അതേ ഭിന്നശേഷി വിരുദ്ധ ഡയലോഗ്

ചെയ്ത പാപങ്ങളുടെ ശമ്പളമായി ഭിന്നശേഷിക്കാരായ മക്കൾ പിറന്നു’ എന്ന മമ്മൂട്ടി ഡയലോഗും ഇപ്പോള്‍ ആളുകള്‍കുത്തിപ്പൊക്കുന്നു.
കടുവ’ സിനിമയിൽ നടൻ പൃഥ്വിരാജിന്റെ ഡയലോഗ് ഭിന്നശേഷിക്കാർക്കും അവരുടെ മാതാപിതാക്കൾക്കുമെതിരെ എന്ന് വിവാദമുയർന്ന സാഹചര്യത്തിൽ ഇതേ വിഷയവുമായി ബന്ധപ്പെട്ടുള്ള മമ്മൂട്ടി ചിത്രത്തിലെ പരാമർശവും ശ്രദ്ധ നേടുന്നു.2004ല്‍ ഇറങ്ങിയ ‘ബ്ലാക്ക്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം വില്ലനായ ഡാവിൻ കാർലോസ് പടവീടനോട് (ലാൽ) പറയുന്ന ഡയലോഗാണ് ഭിന്നശേഷി വിരുദ്ധമെന്ന് ആക്ഷേപമുള്ളത്. മാത്രമല്ല ഈ സിനിമയൊക്കെ സെന്‍സര്‍ബോര്‍ഡ് കടന്നതിനെയും സമൂഹമാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്.

‘കടുവ’യിലെ പരാമർശത്തിന് ഷാജി കൈലാസ് ഒരു നീണ്ട ഫേസ്ബുക്ക് കുറിപ്പിലൂടെ മാപ്പു പറയുകയായിരുന്നു. ഷാജി കൈലാസിന്റെ മടങ്ങിവരവ് ചിത്രമായിരുന്നു ഇത്. ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്ന് സംവിധായകൻ പറഞ്ഞു.

കടുവയിലെ പരാമർശം വിവാദമായതിനെ തുടർന്ന് സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജ് സുകുമാരനും മാപ്പു രേഖപ്പെടുത്തി മുന്നോട്ടുവന്നിരുന്നു. വില്ലന്റെ ഭിന്നശേഷിക്കാരനായ മകൻ ഉൾപ്പെട്ട രംഗത്തിലാണ് ‘നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും’ എന്ന് നായകൻ പറയുന്നത്. ഇതിൽ നേരിട്ട് പരാമർശമില്ലെങ്കിലും, അത്തരമൊരു പ്രയോഗം ഈ അവസ്ഥയുള്ള കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ബാധിക്കുന്നു എന്ന പേരിൽ വൻ വിവാദങ്ങൾക്കു തുടക്കമിട്ടിരുന്നു. എന്നാൽ മമ്മൂട്ടി ചിത്രത്തിൽ നേരിട്ടുള്ള പരാമർശമാണ് കേൾക്കുന്നത്.

‘ചെയ്ത പാപങ്ങൾക്കൊക്കെ ശമ്പളം പറ്റിയവരാണ് നമ്മൾ. മിണ്ടാനും കേൾക്കാനും ത്രാണിയില്ലാത്ത ഒരു കൊച്ചിന്റെ രൂപത്തിൽ എനിക്കും, കട്ടിലിൽ ചങ്ങലയിൽ കിടക്കുന്ന ഭാര്യയും ആ പാവം മോനും നിനക്കും’ എന്നാണ് പൊലീസുകാരനായ കരിക്കാമുറി ഷണ്മുഖൻ എന്ന മമ്മൂട്ടി കഥാപാത്രം വില്ലനോട് പറയുന്നത്.

രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ലാൽ ആണ് നിർമ്മിച്ചത്. ഏറെ നാളുകൾക്കു ശേഷം നടൻ റഹ്മാൻ മലയാള സിനിമയിൽ തിരിച്ചുവന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഈ ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുണ്ട്

Advertisement