തിരുവനന്തപുരം . ഭരണഘടനയെ അപമാനിച്ചതിന് മന്ത്രി സജി ചെറിയാന്‍ രാജിവെച്ചെങ്കിലും വിവാദം വിട്ട് മാറാതെ സിപിഐ(എം). ഇത്തവണ വിവാദത്തിന് തുടക്കമിട്ടത് മണലൂര്‍ എംഎല്‍എ മുരളി പെരുനല്ലിയുടെ പരാമര്‍ശമായിരുന്നു.

സജി ചെറിയാന്‍റെ രാജിയെ കുറിച്ച് മുരളി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില്‍ ‘ജയ് ഭീം’ എന്ന് വിളിച്ചിരുന്നു. ഈ സമയത്ത്, പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി എംഎല്‍എ തിരിച്ച് ചോദിച്ചതാണ് ബഹളത്തിനിടയാക്കിയത്. അംബേദ്ക്കറെ അപമാനിച്ച മുരളി പെരുനല്ലി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

അംബേദ്ക്കറെ അപമാനിച്ചില്ലെന്ന് എം.എൽ.എയും ഭരണപക്ഷ അംഗങ്ങളും വാദിച്ചു. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ ബഹളം തുടർന്നു. തുടര്‍ന്ന് പ്രശ്നം പരിശോധിച്ച് സ്പീക്കർ റൂളിങ് നൽകുമെന്ന് പറഞ്ഞതോടെയാണ് ബഹളം അടങ്ങിയത്.