രാജ്യത്തെ ആദ്യഹൈഡ്രജൻ ഇന്ധന കടൽ യാനം കൊച്ചി കപ്പൽശാല നിർമിക്കും

കൊച്ചി: രാജ്യത്തെ ആദ്യഹൈഡ്രജൻ ഇന്ധന കടൽ യാനം കൊച്ചി കപ്പൽശാല നിർമിക്കും. കൊച്ചിയിൽ നടന്ന ഗ്രീൻ ഷിപ്പിംഗ് കോൺഫറൻസിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവാൾ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഹരിത ഊർജ്ജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിൻറെ ഭാഗമായാണ് പുതിയ സാധ്യതകൾ തേടുന്നത്.

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്‌ട്രിക് വെസ്സലുകൾ കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിക്കും.100 പേർക്ക് സഞ്ചരിക്കാം. ചിലവ് 17.50 കോടി രൂപ. ഇതിൽ 75ശതമാനം ചിലവ് കേന്ദ്രസർക്കാർ ഏറ്റെടുക്കും.ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇലക്ടിക് വെസ്സൽ രൂപകല്പന ചെയ്യുക.

രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ ഡെവലപ്പർമാരുമായി സഹകരിച്ചാകും പദ്ധതി. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിംഗുമായും ചർച്ച ചെയ്ത് ഇത്തരം കപ്പലുകൾക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കും. നിർമ്മാണത്തിനുള്ള അടിസ്ഥാന ജോലികൾ തുടങ്ങി.

കപ്പൽ വ്യവസായത്തിലെ ഹരിത മാതൃകകൾ എന്ന വിഷയത്തിലാണ് കൊച്ചിയിൽ കോൺഫറൻസ് നടത്തിയത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിൻ ഷിപ്പ്‌യാർഡും, എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement