കുട്ടികള്‍ക്ക് ഒപ്പം നൃത്തം വച്ച് കലക്ടര്‍ ചേച്ചിയായി ദിവ്യ എസ് അയ്യര്‍

പത്തനംതിട്ട. ഒരു കുട്ടിയെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം വയ്ക്കുന്ന പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിഡിയോ വൈറല്‍.

എംജി സര്‍വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി ക്യാംപസില്‍ നടന്ന ഫ്ലാഷ് മോബില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നായിരുന്നു കളക്ടറുടെ ഡാന്‍സ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ‘കലക്ടര്‍ ചേച്ചി’യുടെ ഡാന്‍സ് വിഡിയോ.

https://fb.watch/c60sAzIceW/

കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കലക്ടര്‍. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്.

ഡാന്‍സ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് എത്തി ദിവ്യ എസ് അയ്യര്‍ അവര്‍ക്കൊപ്പം ചുവടുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കലക്ടര്‍ക്കൊപ്പം ഡാന്‍സ് കളിക്കാന്‍ കൂടി. സ്കൂള്‍ പഠനകാലത്ത് സ്ഥിരമായി കലാതിലകപ്പട്ടംം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്‌ട്, ക്ലാസിക്കല്‍ സംഗീതം എന്നിവയില്‍ ഏറെ തിളങ്ങിയിട്ടുണ്ട്. ഭക്തിസാന്ദ്രമായ ചടങ്ങില്‍ ഹൈന്ദവ കീര്‍ത്തനം ആലപിക്കുന്ന വീഡിയോയും നേരത്തേ വൈറലായിരുന്നു.

Advertisement