28.4 C
Kollam
Sunday 18th October, 2026 | 08:11:32 PM
Home News Kerala മക്കൾ സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് വർക്കലയിൽ 85 കാരി വീടിന്റെ ടെറസിൽ നിന്ന് ചാടി ജീവനൊടുക്കാൻ...

മക്കൾ സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് വർക്കലയിൽ 85 കാരി വീടിന്റെ ടെറസിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം.മക്കൾ സംരക്ഷിക്കുന്നില്ല എന്ന് ആരോപിച്ച് വർക്കലയിൽ 85 കാരി വീടിന്റെ ടെറസിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. ചെമ്മരുതി സ്വദേശി സുധ ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് എത്തിയ വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് വയോധികയെ രക്ഷപ്പെടുത്തി. ഇവരെ തൊട്ടടുത്ത വൃദ്ധസദനത്തിലേക്ക് മാറ്റി.

ഇന്ന് രാവിലെയാണ് ചെമ്മരുതി സ്വദേശി സുധ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുധ വീടിന്റെ ടെറസിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി അയൽവാസികൾ വാർഡ് മെമ്പറെ വിവരം അറിയിക്കുകയായിരുന്നു. വാർഡ് മെമ്പർ സ്ഥലത്തെത്തുമ്പോൾ ടെറസിൽ നിന്ന് താഴെയുള്ള സൺഷെഡിലേക്ക് ചാടി കാലിന് പരിക്കേറ്റിരിക്കുന്ന സുധയെയാണ് കണ്ടത്.

മൂന്ന് മക്കളുള്ള സുധയെ മകൻ മണിയൻപിള്ള മരണപ്പെട്ടതോടെയാണ് ഇവരുടെ ദുരിത ജീവിതം ആരംഭിച്ചത് എന്ന് നാട്ടുകാർ പറയുന്നു. മറ്റു രണ്ടു മക്കളായ സാബുവും സരസനും അമ്മ ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. സുധയുടെ പേരിൽ ഉണ്ടായിരുന്ന വീടിന്റെയും സ്ഥലത്തിന്റെയും പ്രമാണം പണയം വച്ചു മൂത്ത മകന്റെ ഭാര്യ ബാങ്കിൽനിന്ന് 5 ലക്ഷം രൂപ ലോണെടുത്തു. വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ പലിശ ഉൾപ്പെടെ ബാധ്യത ഏകദേശം 14 ലക്ഷം രൂപയായി ഉയർന്നു. ഇതോടെ വീടും സ്ഥലവും ഇപ്പോൾ ജപ്തി നടപടിയിലാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടുദിവസമായി വയോധിക ഭക്ഷണം കഴിച്ചിട്ടെന്നും പരാതിയുണ്ട്.

നിലവിൽ സുധയെ തൊട്ടടുത്ത പുനർജനി എന്ന വൃദ്ധസദനത്തിലേക്ക് മാറ്റി. അവധി ദിനങ്ങൾ കഴിഞ്ഞാൽ ആർടിഒ ഇടപെട്ട ഇവരെ സർക്കാർ വൃദ്ധ സദനത്തിലേക്ക് മാറ്റാനുള്ള നടപടികളും എടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here