26.9 C
Kollam
Friday 4th September, 2026 | 11:34:24 PM
Home News Breaking News ഇസ്ലാം സ്ത്രീകളുടെ സാമൂഹിക ഇടപെടലുകള്‍ക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്ക്കും എതിരല്ല,കാന്തപുരത്തെ തള്ളി പാളയം ഇമാം

ഇസ്ലാം സ്ത്രീകളുടെ സാമൂഹിക ഇടപെടലുകള്‍ക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്ക്കും എതിരല്ല,കാന്തപുരത്തെ തള്ളി പാളയം ഇമാം

തിരുവനന്തപുരം. കാന്തപുരം എപി അബൂബക്കര്‍ മുസല്യാര്‍ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയെ തള്ളി പാളയം ഇമാം വി പി സുഹൈബ് മൗലവി. ഇസ്ലാം സ്ത്രീകളുടെ സാമൂഹിക ഇടപെടലുകള്‍ക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്ക്കും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഖുറാനില്‍ ഒരു തരത്തിലുള്ള ലിംഗവിവേചനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച നമസ്‌ക്കാരത്തിനിടെയിരുന്നു പാളയം ഇമാമിന്റെ പരാമര്‍ശം.

വിശ്വാസികള്‍ എന്ന നിലയ്ക്ക് ഇസ്ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു വേണം സ്ത്രീകളും പുരുഷന്മാരും രംഗപ്രവേശം ചെയ്യേണ്ടത്. സ്ത്രീ, പുരുഷ തുല്യതയാണ് ഇസ്ലാംമതം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എവിടെയും അനാവശ്യ നിയന്ത്രണങ്ങള്‍ ആവശ്യമില്ല. ജോലിയിലും പ്രവര്‍ത്തന മേഖലയിലും ഒരു ലിംഗ വിവേചനവും ഇസ്ലാം പറയുന്നില്ല. വേതനത്തിലും സ്ത്രീപുരുഷ തുല്യതയാണ് ഇസ്ലാം പറയുന്നത്. പ്രവാചകന്റെ ഭാര്യ യുദ്ധത്തില്‍ പങ്കാളിയായിട്ടുണ്ടെന്നും ഇസ്ലാമിക ചരിത്രം പരാമര്‍ശിച്ചുകൊണ്ട് പാളയം ഇമാം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here