29.9 C
Kollam
Wednesday 9th September, 2026 | 12:56:08 PM
Home News Breaking News കാന്തപുരത്തിന്റെ പ്രസ്താവന, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

കാന്തപുരത്തിന്റെ പ്രസ്താവന, തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കാന്തപുരത്തിന്റെ പ്രസ്താവന സംബന്ധിച്ച് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.താന്‍ അക്കാര്യം വ്യക്തമായി പറഞ്ഞതാണ്. അതില്‍ ഏതെങ്കിലും തരത്തില്‍ മാറ്റം ഉണ്ടെങ്കില്‍ തെറ്റുപറ്റിയെന്ന് മാധ്യമങ്ങളോട് പറയുമായിരുന്നെന്ന് സതീശന്‍ പറഞ്ഞു. എപി വിഭാഗം നേതാക്കള്‍ തന്നെ വന്നുകണ്ടതിന് പിന്നാലെ ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന് വാര്‍ത്ത നല്‍കിയതായും സതീശന്‍ പറഞ്ഞു.

കാന്തപുരത്തിനെതിരെ പറഞ്ഞ കാര്യങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം അത് ഇപ്പോഴുമുണ്ട്. അതിനിടയില്‍ ഒരു ഭാഗം മാത്രം കട്ട് ചെയ്ത് പോസ്റ്റ് ചെയ്തപ്പോള്‍ ക്രോസ് പോസ്റ്റിങിന്റെ ഭാഗമായി കുറച്ചുനേരത്തേക്ക് അപ്രത്യക്ഷമാകുകയായിരുന്നു. അത് തന്റെ നിലപാട് മാറ്റമായി ചിത്രീകരിച്ച് വാര്‍ത്തായാക്കിയതായും സതീശന്‍ പറഞ്ഞു. നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് എപി വിഭാഗം നേതാക്കള്‍ തന്നെ കാണാന്‍ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ പതിനൊന്ന് മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് മനസിലാക്കി എപി വിഭാഗം നേതാക്കള്‍ അന്നുരാത്രി തന്നെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയെന്ന് പറഞ്ഞാല്‍ വലിയ അത്ഭുതമാണ്. മൂന്നാഴ്ച മുന്‍പ് അവരുമായുള്ള കൂടിക്കാഴ്ച ഫികസ് ചെയ്തതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അന്നുരാവിലെ തന്നെ അവര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവര്‍ വൈകീട്ട് തന്റെ ഓഫീസില്‍ എത്തിയതിന് പിന്നാലെ എപി വിഭാഗം നേതാക്കള്‍ തന്നെ വന്നു കണ്ടുവെന്നും നിലപാട് മാറ്റിയെന്നും ചിലര്‍ വാര്‍ത്ത കൊടുത്തതായും സതീശന്‍ പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയില്‍ താന്‍ പറഞ്ഞ നിലപാടില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here