28.6 C
Kollam
Wednesday 16th September, 2026 | 06:26:57 PM
Home News Breaking News നേപ്പാൾ പ്രളയത്തിൽ അകപ്പെട്ട 13 മലയാളികൾ കൂടെ സുരക്ഷിതരായി നാട്ടിലെത്തി

നേപ്പാൾ പ്രളയത്തിൽ അകപ്പെട്ട 13 മലയാളികൾ കൂടെ സുരക്ഷിതരായി നാട്ടിലെത്തി

കൊച്ചി.നേപ്പാൾ പ്രളയത്തിൽ അകപ്പെട്ട 13 മലയാളികൾ കൂടെ സുരക്ഷിതരായി നാട്ടിലെത്തി. കൈലാസ യാത്രാ സംഘത്തിലെ 11 കേരളീയര്‍ കൂടി നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. വിദേശ പൗരത്വമുളള അഞ്ചു പേരുമായി ഇനിയും ആശയവിനിമയം സാധ്യമായിട്ടില്ല . 44 അംഗ വിനോദയാത്രാ സംഘം നാളെ കോഴിക്കോട്ടെത്തും. ഡോക്ടര്‍മാരുടെ സംഘം വൈകിട്ടോടെ കാഠ്മണ്ഡുവിലെത്തും.

നേപ്പാള്‍ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഹെല്‍പ്പ് ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ കഴിഞ്ഞ ദിവസം വരെ ആശയവിനിമയം സാധ്യമാകാത്ത എഴു പേരില്‍ ഒരാള്‍ ആന്ധ്ര സ്വദേശിയും ഒരാള്‍ കര്‍ണ്ണാടക സ്വദേശിയുമാണെന്ന് വ്യക്തമായി. നിലവില്‍ വിവരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നവരില്‍ നാലു പേര്‍ കേരളത്തില്‍ കുടുംബവേരുളള ഓസ്ട്രേലിയന്‍ പൗരത്വമുളളവരും ഒരാള്‍ ബ്രിട്ടീഷ് പൗരത്വമുളളയാളുമാണ്. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 13 പേർ കൂടെ സുരക്ഷിതരായി നാട്ടിൽ എത്തിയിട്ടുണ്ട്. കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23 അംഗ സംഘത്തിലെ 11 പേര്‍ ഡൽഹിയിലെത്തി. ഇവര്‍ കേരളത്തിലേക്കും ജോലി ചെയ്യുന്ന മറ്റ് നഗരങ്ങളിലേക്കും യാത്ര തുടരുകയാണ്. സംഘത്തിലെ എട്ടു കേരളീയര്‍ കാഠ്മണ്ഡുവിലാണ്. യാത്രാ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ക്കും നാട്ടിലേയ്ക്ക് മടങ്ങാനാകും. മറ്റുള്ളവർ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ നിൽക്കുമ്പോഴാണ് ഇവർ പ്രളയത്തിൽപ്പെടുന്നത്. തുടർന്ന് ഇവരെ കോട്ടാരി വഴി ‘സേവ’ ക്യാമ്പിൽ എത്തിക്കുകയായിരുന്നു.

നേപ്പാളില്‍ നിന്നും മടങ്ങുന്നവരില്‍ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുളള ആറംഗ ഡോക്ടർമാരുടെ സംഘവുമുണ്ട്. ഇവർ വൈകുന്നേരത്തോടെ കാഠ്മണ്ഡുവിൽ എത്തും. ഡോക്ടർമാരുടെ സംഘത്തിലെ മറ്റുളളവര്‍ കേരളത്തില്‍ കുടുംബവേരുളള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. ഇതുകൂടാതെ, കാഠ്മണ്ഡുവിലേയ്ക്ക് വിനോദയാത്രയ്ക്കു പോയ 44 പേരടങ്ങുന്ന മറ്റൊരു സംഘം ഗോരക്പൂരില്‍ നിന്നും റോഡു മാര്‍ഗ്ഗം ബാംഗ്ലൂരുവിലേയ്ക്ക് തിരിച്ചു. രാത്രി ബാംഗ്ലൂരുവിൽ എത്തുന്ന ഇവർ, അവിടെ നിന്നും റോഡു മാർഗ്ഗം കോഴിക്കോട്ടേക്ക് തിരിക്കും. ഇന്ന് ഇവര്‍ കോഴിക്കോട് എത്തിച്ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കോഴിക്കോട് കുന്നമംഗലം സ്വദേശികളായ നാലംഗ കുടുംബവും ഡാർജിലിങ്ങിലെത്തിയ നാലംഗ കുടുംബവും, കാസര്‍ഗോഡു നിന്നുളള അഞ്ചംഗ സംഘവും ഉള്‍പ്പെടെ 13 പേര്‍ ഇന്ന് വീടുകളിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം 16 പേര്‍ നാട്ടിലെത്തിയിരുന്നു. മറ്റുളളവര്‍ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുന്നതായും അറിയിച്ചിട്ടുണ്ട്. നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.