Home News Breaking News നവകേരള രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന്, എഡിജിപി എം ആര്‍ അജിത്കുമാറിനെ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന്...

നവകേരള രക്ഷാപ്രവര്‍ത്തനം റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന്, എഡിജിപി എം ആര്‍ അജിത്കുമാറിനെ സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ഇന്നറിയാം

തിരുവനന്തപുരം: നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച രക്ഷാപ്രവര്‍ത്തന കേസില്‍ ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഇന്ന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചേക്കും. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്‌ഐടി റിപ്പോര്‍ട്ടിന്മേലാണ് ഡിജിപി ശുപാര്‍ശ സമര്‍പ്പിക്കുക. എംആര്‍ അജിത് കുമാറിന്റെ വിശദീകരണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.

എസ് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടിയിരുന്നു. എഡിജിപി അജിത് കുമാറിനെ യുഡിഎഫ് സര്‍ക്കാരും സംരക്ഷിക്കുന്നു എന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. എംആര്‍ അജിത് കുമാറിനെതിരായ നടപടി വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസും കെ സി വേണുഗോപാല്‍ എംപിയും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എം ആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് കോൺ​ഗ്രസിനുള്ളിൽ ഉയർന്ന ആരോപണം. അജിത്‌ കുമാറിനെ സംരക്ഷിക്കേണ്ടെന്നും നടപടിവേണമെന്നുമാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നിലപാട്. കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാനച്ചുമതലയുണ്ടായിരുന്ന അജിത് കുമാർ ഇടപെട്ടു എന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിയെന്ന മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. 23-നാണ് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. രക്ഷാപ്രവർത്തനം കൂടാതെ തൃശ്ശൂർ പൂരം കലക്കൽ, ആർ.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളിൽ കോൺഗ്രസ് എഡിജിപി അജിത് കുമാറിനെതിരെ അന്ന് രംഗത്തെത്തിയിരുന്നു. ഫയർഫോഴ്സ് മേധാവി ഡിജിപി നിതിൻ അഗർവാൾ 31-ന് വിരമിക്കുകയാണ്. അതോടെ ഡിജിപി പദവിയിലേക്ക് അജിത്‌ കുമാർ പരിഗണിക്കപ്പെടും. എന്നാൽ, ‘രക്ഷാപ്രവർത്തന’ക്കേസിൽ നടപടിയുണ്ടായാൽ സ്ഥാനക്കയറ്റം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ ബെവ്കോ എംഡിയായാണ് എം ആർ അജിത് കുമാർ പ്രവർത്തിക്കുന്നത്.