
ന്യൂഡല്‍ഹി: പ്രമുഖ അഭിഭാഷകനായ എം.ആര്‍. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലായി സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. ആദ്യമായിട്ടാണ് സുപ്രീം കോടതിയില്‍ കേരളം ഒരു സീനിയര്‍ സ്റ്റാന്‍ഡിങ് കൗണ്‍സലിനെ നിയമിക്കുന്നത്. ദീര്‍ഘകാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകരായ ആല്‍ജോ കെ. ജോസഫ്, സുല്‍ഫിക്കര്‍ അലി, ജെയിംസ് പി.തോമസ്, മര്‍സൂഖ് തങ്ങള്‍ ഇവരാണ് മറ്റ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാര്‍.
2001 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ആയിരുന്നു രമേശ് ബാബു. ആന്ധ്ര പ്രദേശ് ഹൈക്കോടതിയുടെ സുപ്രീം കോടതിയിലെ അഭിഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട സുപ്രധാന കേസുകളുടെ ഏകോപന ചുമതല രമേശ് ബാബുവിന് ആയിരിക്കുമെന്നാണ് സൂചന. കേരളവുമായി ബന്ധപ്പെടുന്ന അന്തര്‍സംസ്ഥാന നദീതര്‍ക്ക കേസുകളില്‍ ഹാജരാകുന്നത് രമേശ് ബാബുവായിരിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ജി. പ്രകാശിന് ആയിരുന്നു അന്തര്‍സംസ്ഥാന നദീതര്‍ക്ക കേസുകളുടെ ചുമതല. എന്നാല്‍, ജി. പ്രകാശിന് സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സല്‍ പദവി നല്‍കിയിരുന്നില്ല.
ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ ആല്‍ജോ, കോണ്‍ഗ്രസിന്റെ നിയമ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീം കോടതി അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ ട്രഷററാണ്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ സുല്‍ഫിക്കര്‍ 20 വര്‍ഷമായി ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്നു. മൂവാറ്റുപുഴ പെരിങ്ങാറപള്ളിയിലെ ജെയിംസ് പി തോമസ്
30 വര്‍ഷമായി അഭിഭാഷകനാണ്. കഴിഞ്ഞ 18 വര്‍ഷമായി ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്ന മര്‍സൂഖ്, കെഎംസിസി ഡല്‍ഹി വൈസ് പ്രസിഡന്റും യൂത്ത് ലീഗിന്റെ ദേശീയ നിര്‍വാഹക സമിതിയംഗവുമാണ്.
































