Home News Breaking News പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ; ദൂരദർശൻ പ്രസംഗം ചട്ടലംഘനം, നടപടി...

പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ; ദൂരദർശൻ പ്രസംഗം ചട്ടലംഘനം, നടപടി വേണമെന്നും ആവശ്യം

Advertisement

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തതിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ സുപ്രീം കോടതിയെ സമീപിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ദൂരദർശനിലൂടെ രാഷ്ട്രീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പ്രതാപന്‍റെ ആവശ്യം.

Also Read: ഉഷ്ണ തരംഗസാധ്യത, പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ചു

മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) ലംഘിച്ച പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം റിട്ട് ഹർജി ഫയൽ ചെയ്തത്. ഏപ്രിൽ 18 ന് ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് വിമർശിച്ച പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും, സർക്കാർ സംവിധാനങ്ങളും ജനങ്ങളുടെ നികുതിപ്പണവും രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല

വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, കോൺഗ്രസ്, ടി എം സി, ഡി എം കെ തുടങ്ങിയ പാർട്ടികൾക്കെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനമാണ് ഉയർത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ദൂരദർശൻ പോലുള്ള സർക്കാർ മാധ്യമങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന പെരുമാറ്റച്ചട്ടം ഇവിടെ ലംഘിക്കപ്പെട്ടതായി ഹർജി ചൂണ്ടിക്കാട്ടുന്നു. വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് ടി എൻ പ്രതാപൻ വ്യക്തമാക്കി. ജനാധിപത്യം ഉറപ്പുനൽകുന്ന തുല്യമായ അവസരങ്ങൾ അട്ടിമറിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് അഭിഭാഷകരായ സുവിദത്ത് സുന്ദരവും രഖേഷ് ശർമ്മയും മുഖേന ഫയൽ ചെയ്ത ഹർജിയിൽ അദ്ദേഹം ആരോപിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here