Home News Breaking News വാഹനാപകടങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തണം, എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’ (അപകടാനന്തര...

വാഹനാപകടങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തണം, എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’ (അപകടാനന്തര അന്വേഷണസംഘം) രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’ (അപകടാനന്തര അന്വേഷണസംഘം) രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകി. കൊട്ടാരക്കരയിൽ കഴിഞ്ഞദിവസമുണ്ടായ ദാരുണമായ ടിപ്പർ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രിയുടെ അടിയന്തര ഇടപെടൽ. അപകടങ്ങളിൽ കൃത്യമായ ശാസ്ത്രീയ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള ശുപാർശകൾ സമർപ്പിക്കുകയാണ് ഈ സമിതിയുടെ പ്രധാന ചുമതല.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രൂപീകരിക്കുന്ന ഈ വിദഗ്ദ്ധ സമിതിയിൽ അതത് ജില്ലയിലെ ആർ.ടി.ഒ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ, പി.ഡബ്ല്യു.ഡി അല്ലെങ്കിൽ ദേശീയപാത അതോറിറ്റിയിലെ എൻജിനീയർ. നാറ്റ്പാക് പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. അപകടം നടക്കാൻ ഇടയാക്കിയ സാഹചര്യം, റോഡിന്റെ ഘടനയിലുള്ള പിഴവുകൾ, വാഹനത്തിന്റെ സാങ്കേതിക തകരാറുകൾ, ഡ്രൈവറുടെ അശ്രദ്ധ എന്നിവ വിശദമായി പരിശോധിച്ച് കൃത്യമായ റിപ്പോർട്ട് തയ്യാറാക്കുകയുമാണ് ഇവരുടെ ചുമതല. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ് കടക്കും.

വിദേശരാജ്യങ്ങളില്‍ അപകടത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും പ്രത്യേക സംഘമുണ്ട്. ഇത്തരത്തില്‍ ഒന്ന് പ്രാദേശിക തലത്തില്‍ സജീവമാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.