Home News Breaking News കാക്കിക്കാര്‍ കാക്കിയോടുചെയ്തത്, കരയാതെ ഈ കുറിപ്പ് വായിക്കാനാകുമോ

കാക്കിക്കാര്‍ കാക്കിയോടുചെയ്തത്, കരയാതെ ഈ കുറിപ്പ് വായിക്കാനാകുമോ

Advertisement

ടി ഇ സ്റ്റീഫന്‍സണ്‍

കൊല്ലം. നിരപരാധിയായ ഒരു പോലീസുകാരനേയും ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തിൻ്റെ ഭാര്യയേയും പറക്കമുറ്റാത്ത രണ്ട് പെൺമക്കളേയും കള്ളൻ്റെ കുടുംബം എന്ന് മുദ്ര ചാർത്തി സമൂഹത്തിന് സമ്മാനിച്ച പോലീസ് ബുദ്ധി ആരുടെതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ഇല്ല.

29 വർഷങ്ങൾക്ക് മുമ്പ് കൊല്ലത്ത് നടന്ന ഒരു മോഷണത്തിന് അതും സായുധ പോലീസ് ക്യാമ്പിൽ നിന്ന് ലക്ഷങ്ങൾ മോഷണം പോയ കേസില്‍ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. ഏത് തെളിയാത്ത കേസും തെളിയിക്കുന്ന കേരള പോലീസിന് ഇത് തെളിയിക്കാനായിട്ടില്ലെങ്കില്‍ അത് പൊലീസ് തന്നെ ചെയ്തതല്ലേ എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.

കോടതിവെറുതേ വിട്ടപ്പോള്‍ നെഞ്ചുപൊട്ടിയ ഒരു നിലവിളിക്ക് നേരിട്ട് സാക്ഷിയായ മാധ്യമപ്രവർത്തകൻ സെയ്ഫ് ചക്കുവള്ളി വർഷങ്ങൾക്ക് മുമ്പ് പത്രത്തിലെഴുതിയ ഇക്കഥ സമൂഹ മാധ്യമത്തിലൂടെ വീണ്ടും വൈറലായിരിക്കയാണ്. പുനര്‍ വായനയ്ക്ക് എത്തിയതോടെയാണ് കേസിൽ പുനരന്വേഷണം എന്ന ആവശ്യത്തിന് ചിറക് മുളച്ചത്. ഇപ്പോൾ കേരളം മുഴുവൻ ചർച്ചയായ ഈ മോഷണത്തിൻ്റെ യഥാർത്ഥ പ്രതികളെ കണ്ടെത്തണം എന്ന ആവശ്യം കേരളത്തിൻ്റെ ആഭ്യന്തര മന്ത്രിയുടെ യുടെയും ഉയർന്ന പോലീസ് അധികാരികളുടെയും ശ്രദ്ധയിൽപെടുത്തുന്നത് അതില്‍ പ്രതിയാക്കപ്പെട്ടയാളുടെ ഭാര്യ ,അതായത് കേസിൽ പ്രതിയായ രാജഗോപാൽ എന്ന നിരപരാധിയായിരുന്ന പോലിസുകാരൻ്റെ ഭാര്യ ചാന്ദിനി എഴുതിയ താണ് ചുവടേ കൊടുത്തിരിക്കുന്നത്.

ഒരു അന്വേഷണ ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ നീതി പൂർവ്വമായ അന്വേഷണം നടന്നില്ല. നിരുത്തരവാദപരമായ രീതിയിൽ കേസ് കൈകാര്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന കുറ്റം ചാർത്തി 5 പോലിസുകാരെ പ്രതികളാക്കി. ചെയ്യാത്ത തെറ്റിന് ദുഃഖം അനുഭവിക്കേണ്ടിവന്ന ഞങ്ങളെപ്പോലെ ഇനി മറ്റൊരു കുടുംബത്തിനും ഈ ഗതി ഉണ്ടാകരുത്.
എൻ്റെ മരണത്തിന് മുമ്പെങ്കിലും യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ട് വരണം ,ചാന്ദിനി രാജഗോപാലിൻ്റെ ഹൃദയം നുറുങ്ങിയുള്ള ഈ രോദനം അധികൃതർ ഏറ്റെടുക്കുമോ.മണക്കാല JTS ൽ 81 ൽ JTSLC പാസ്സായശേഷം വാച്ച് ആൻ്റ് ക്ലോക്ക് മെയിൻ്റെനൻസ്, ഗവ. വനിതാ ഐറ്റി ഐ കോഴിക്കോട് പോയി പഠിച്ചു. ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളി

ഇപ്പോള്‍ പിഎസ് സി അംഗമായ സെയ്ഫ് ചക്കുവള്ളിയുടെ സമൂഹ മാധ്യമ കുറിപ്പ് ഇതൊടൊപ്പം ചേർക്കുന്നു

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിയ്ക്കുക എന്നൊരു ചൊല്ലുണ്ടല്ലോ.
അങ്ങനെ പിടിയ്ക്കപ്പെടുന്നത് ഒരു പോലീസുകാരൻ ആണെങ്കിലോ? അയാൾ നിരപരാധിയാണെന്ന് തെളിയിച്ച് മടങ്ങിവരുമ്പോഴേക്കും ജീവിതത്തിലുണ്ടായേക്കാവുന്ന കഷ്‌ടനഷ്‌ടങ്ങൾ എന്തൊക്കെയാകും. അങ്ങനെയൊരു പൊലീസ് ജീവിതത്തിൻ്റെ കഥയാണിത്…. ഒരു സംഭവത്തിലെ കേസെടുപ്പും അന്വേഷണവും ഏത് തരത്തിൽ ആയിരിക്കരുതെന്ന് പൊലീസ് പരിശീലന പരിപാടികളിൽ ചൂണ്ടിക്കാട്ടുന്ന വിശേഷാൽ കേസിൽ ഹോമിക്കപ്പെട്ട പാവം പോലീസുകാരൻ്റെ കഥ….
കൊല്ലം കലക്ടറേറ്റിൽ ഒരു യോഗത്തിൽ പങ്കെടുത്ത് സിവിൽ സ്റ്റേഷന്റെ പടിക്കെട്ട് ഇറങ്ങുമ്പോഴാണ് താഴേ നിലയിലെ സി. ജെ. എം. കോടതിക്കുള്ളിൽ നിന്ന് ഒരു പുരുഷന്റെ ഒച്ചയെടുത്തുള്ള നിലവിളി ഉയർന്നു കേട്ടത്. അങ്ങോട്ട് കയറി നോക്കിയപ്പോൾ പ്രതിക്കൂട്ടിൽ അഞ്ച് പേർ പരിസരം മറന്ന് തൊഴുകൈകളോടെ കരഞ്ഞു നിൽക്കുന്നു. അതിലൊരാളിന്റെ നിലവിട്ട കരച്ചിലാണ് ഉയർന്ന് കേട്ടത്. 2009 മേയ് മാസം പന്ത്രണ്ടാം തീയതിയായിരുന്നു അന്ന്. ഏതോ വിധി പ്രസ്താവം കഴിഞ്ഞതിന്റെ നേർത്ത ആരവങ്ങൾ കോടതിക്കുള്ളിൽ. പ്രതികളായ അഞ്ച് പേരെയും നിരപരാധികളെന്ന് കണ്ട് വിട്ടയച്ചിരിക്കുന്നു. അവർ പുറത്തിറങ്ങി വന്നപ്പോൾ അവരിൽ ഒരാൾ എനിക്ക് സുപരിചിതൻ.

ശൂരനാട് പാറക്കടവ് സ്വദേശിയായ കെ. കെ. രാജഗോപാൽ എന്ന പോലീസുകാരൻ. വിരമിച്ച അധ്യാപക ദമ്പതികളുടെ മകൻ. കൊല്ലം സായുധ പോലീസ് ക്യാമ്പിൽ നടന്നൊരു മോഷണക്കേസിൽ ഉൾപ്പെട്ട് രാജഗോപാൽ രണ്ട് തവണ പിരിച്ചുവിടപ്പെട്ടതും കൂലിപ്പണിയെടുത്ത് കുടുംബം പോറ്റിയതുമൊക്കെ എനിക്കറിയാം. 12 വർഷമായി രാജഗോപാൽ ഉൾപ്പെടെ അഞ്ച് പ്രതികളും നിരപരാധികളാണെന്ന് കണ്ട് വിട്ടയച്ചു കൊണ്ട് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ. ധർമ്മജൻ നീതിധർമ്മം പാലിച്ചപ്പോൾ രാജഗോപാൽ നിയന്ത്രണം മറന്ന് പൊട്ടിക്കരഞ്ഞതായിരുന്നു അന്ന് ഞാൻ കേട്ടത്. നിസ്സഹായനായൊരു സേനാംഗത്തിന്റെ ഭിഗന്തങ്ങൾ ഭേദിച്ച ആ നിലവിളി ഇന്നും മനസ്സിൽ പ്രതിധ്വനിക്കുന്നു.
ഇതിപ്പോൾ ഓർക്കാൻ കാരണം മുൻ ഡി.ജി.പി: എ.ഹേമചന്ദ്രൻ സാറുമായി ഞാനിന്ന് നടത്തിയൊരു ഫോൺ സംഭാഷണമാണ്. സംസ്ഥാന പൊലീസ് സേനയിലെ എക്കാലത്തെയും നീതിമാൻമാരായ ഉദ്യോഗസ്ഥരിൽ ഒരാൾ. അദ്ദേഹവുമായി സംസാരിക്കുമ്പോൾ പലപ്പോഴും രാജഗോപാലിൻറെ കാര്യം കടന്നുവരുമായിരുന്നു. ഇന്നും അത് സംഭാഷണമധ്യേ എത്തി. തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലാ കോളേജ് വിദ്യാർത്ഥികൾക്ക് നടത്തിയ ഓറിയൻറേഷൻ പരിപാടിയിൽ അദ്ദേഹം രാജഗോപാൽ ഉൾപ്പെട്ട കേസിനെ ആസ്പദമാക്കി കഴിഞ്ഞ ദിവസം ക്ലാസെടുത്തു എന്നു പറഞ്ഞു.

രാജഗോപാലും ചാന്ദ്നിയും അക്കാലത്ത്


സിനിമാക്കഥകളെ വെല്ലുന്നൊരു വ്യാഴവട്ടമാണ് രാജഗോപാലിന്റെയും ഭാര്യ ചാന്ദിനിയുടെയും ജീവിതത്തിലൂടെ 2009 വരെ കടന്നുപോയത്. അത് ഞാൻ 2010ൽ ഒരു ഞായറാഴ്ചക്കുറിപ്പാക്കി.അതിനായി എന്റെ മുന്നിലിരുന്ന് അക്കഥ പറയുമ്പോൾ ചാന്ദിനിയും മക്കൾ സൗപർണികയും കൃഷ്ണപ്രിയയും കാഴ്ചക്കാരായി നിൽക്കുന്നത് പോലും കണക്കാക്കാതെ പലപ്പോഴും കരയുകയായിരുന്നു അയാൾ. ആ ജീവിതം തീർച്ചയായും പുനർവായിക്കപ്പെടണം എന്നതിനാലാണ് ഇപ്പോൾ ഒക്കെയും ഓർത്തെടുത്ത് കോറുന്നത്.
1997 ഫെബ്രുവരി ഒന്നിന് കൊല്ലം സായുധ പൊലീസ് ക്യാമ്പിൽ നിന്ന് 2,49,734.65 രൂപ പെട്ടിയുൾപ്പെടെ മോഷണം പോയി. ക്യാമ്പിലെ 437 പൊലീസുകാർക്ക് ശമ്പളം നൽകാനുള്ള തുകയായിരുന്നു അത്. ഗാർഡ് ഡ്യൂട്ടി നോക്കേണ്ടത് രാജഗോപാൽ ഉൾപ്പെടെ രണ്ട് ഹവിൽദാർമാരാണ്. ഇവർ പരസ്പരം ക്രമീകരിച്ച് ഓരോരുത്തരായി ആ ചുമതല നിറവേറ്റിയാൽ മതിയെന്ന് തൊട്ടു മുമ്പിരുന്ന എസ്.പി. രാജേഷ് ദിവാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഇതിൻപ്രകാരം രാജഗോപാൽ ഒന്നാം തീയതി വീട്ടിലെത്തി ശൂരനാട്ട് കൂട്ടുകാരൻറെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്ത് വീട്ടിൽ തങ്ങി അതിരാവിലെ ക്യാമ്പിൽ ചെന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിറ്റേന്ന് പതിവ് പോലെ മാധ്യമ വിചാരണ തുടങ്ങി. ‘തീക്കട്ടയിൽ ഉറുമ്പരിച്ചു’, ‘സ്വന്തം പണം സൂക്ഷിക്കാത്ത പൊലീസ് എങ്ങനെ ജനത്തിനെ സംരക്ഷിക്കും,’ കള്ളൻ കപ്പലിൽ തന്നെ’ എന്നൊക്കെ തലക്കെട്ടുകളും വിചാരണകളും. പൊലീസ് കടുത്ത സമ്മർദ്ദത്തിലായി. പിന്നെ ഒറ്റ വഴി മാത്രം. ക്യാമ്പിലെ പൊലീസുകാരെ പ്രതികളാക്കി കേസെടുക്കുക.
രാജഗോപാൽ, ബാഹുലേയൻ പിള്ള, ജോയി, വാസുദേവൻ, മോഹനൻ ആചാരി എന്നിവരെ പ്രതിചേർത്ത് നാലാം തീയതി കേസെടുത്തു. വീട്ടിൽ കിടന്നുറങ്ങിയ രാജഗോപാൽ ആയിരുന്നു രണ്ടാം പ്രതി. 17ന് കോടതിയിൽ ഹാജരാക്കും വരെ അഞ്ച് പേരും ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ. പലവട്ടം കരഞ്ഞു പറഞ്ഞിട്ടും ഒരു ദയയും ഉണ്ടായില്ല. അവിടുത്തെ സി.ഐ സോമൻ പ്രതിയാക്കിയതിൽ തന്നോട് ക്ഷമാപണം ചെയ്തതായി രാജഗോപാൽ പറഞ്ഞത് ഓർക്കുന്നു. റിമാൻറ് കാലാവധി കഴിഞ്ഞ് ജാമ്യം കിട്ടിയപ്പോൾ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന വ്യവസ്ഥ. 83 ദിവസം ലോഡ്ജിൽ താമസം. ഇതിനിടെ സസ്പെൻഷനിലായി. ജാമ്യക്കാലാവധി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ടത് പട്ടിണിയിലായ ഭാര്യയേയും മകളെയും. ബന്ധുക്കളും നാട്ടുകാരും ആരും സഹായത്തിനില്ല. ജോലിയിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും എത്തി. തുടർന്ന് കൂലിപ്പണിക്ക് പാലായിലും പാമ്പാടിയിലും കളിയിക്കാവിളയിലും പോയി. നാട്ടിൽ അത്തരം ജോലികൾ ചെയ്യാൻ ദുരഭിമാനം അനുവദിച്ചില്ല. പറമ്പ് കിളക്കൽ, വിറക് കീറൽ, പാറപ്പണി തുടങ്ങിയവ ആറ് മാസത്തോളം ചെയ്തപ്പോൾ ആ 105 കിലോക്കാരൻ ദൃഡകായൻറെ ശരീരഭാരം 75 കിലോ ആയി കുറഞ്ഞു. കൈവെള്ളയിലെ തഴമ്പുകൾ പൊട്ടിയൊഴുകി. മിച്ചം വച്ച 5000 രൂപയുമായി പിരിച്ചുവിടലിന് എതിരെ നിയമയുദ്ധം. ഒരു തരിയില്ലാതെ ഭാര്യയുടെ സ്വർണം കെട്ടുതാലി ഉൾപ്പെടെ വിറ്റു. സ്കൂട്ടറും വീട്ടുപുരയിടത്തിൽ നിന്ന പൊട്ട് ആഞ്ഞിലിമരങ്ങളുമെല്ലാം വിൽക്കേണ്ടി വന്നു. ഒരു സൈക്കിൾ മാത്രം ശേഷിച്ചു. ഈ സൈക്കിളിലാണ് വിയർത്തൊട്ടിയ ഉടുവസ്ത്രങ്ങളുമായി രാജഗോപാൽ ഓരോ കേസവധിക്കും 40 കിലോമീറ്റർ അകലത്തുള്ള കൊല്ലത്ത് പോയി വന്നത്. പൊലീസിന്റെ അപ്പീലും തള്ളിയതോടെ തിരിച്ചെടുത്ത് കഠിന പരിശീലനത്തിന് അയച്ചു. തുടർന്ന് കൊല്ലം ജില്ലയിലെ തെക്കുംഭാഗം സ്റ്റേഷനിൽ നിയമനം.

തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചാന്ദ്നി


അങ്ങനെയിരിക്കെ ഒരുച്ചനേരത്ത് അടുത്ത പിരിച്ചുവിടൽ ഉത്തരവ് എത്തി. അപ്പീൽ അധികാരിയെ സമീപിക്കാതെ കോടതിയിൽ പോയി എന്നതാണ് കുറ്റം. പിന്നെയുള്ള നിയമ പോരാട്ടത്തിന് ജി. മോഹൻരാജ് എന്ന മനുഷ്യമുഖമുള്ള അഭിഭാഷകൻ തുണ നിന്നു. മോഷണക്കേസിലെ വിചാരണക്കിടെ ഹൈദരാബാദിലെ ഫോറൻസിക് ലാബിൽ രാജഗോപാലിനെ നുണ പരിശോധനക്ക് വിധേയനാക്കാൻ കൊണ്ടു പോയി. ലാബിന്റെ ഡയറക്ടർ ഡോ.വയ കേസ് ഫയൽ പഠിച്ച ശേഷം, രാജഗോപാലുമായി എത്തിയ ഡോ. മുരളീകൃഷ്ണയോട് ഇങ്ങനെ പറഞ്ഞു.
”ചന്ദ്രസ്വാമിയെ പോലെ കൊടുംകുറ്റവാളികൾ കയറിയ ഈ യന്ത്രത്തിൽ ഒരു നിരപരാധിക്ക് ഇടമില്ല.”
കൊല്ലം സി. ജെ. എം കോടതിയിലും അദ്ദേഹമത് ആവർത്തിച്ചു. ഈ കോടതിയിലെ സി.സി 112/ 2000 എന്ന കേസിൽ അഞ്ച് പ്രതികളെയും വെറുതേ വിട്ടുകൊണ്ട് ജഡ്ജ് കെ. ധർമ്മജൻ ന്യായവിധിയെഴുതിയപ്പോഴാണ് രാജഗോപാൽ പരിസരം മറന്ന് പൊട്ടിക്കരഞ്ഞത്. നിരപരാധിയാണെന്ന് സംശയലേശമന്യേ തെളിയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അതിന് വേണ്ടി കഴിഞ്ഞ പന്ത്രണ്ടാണ്ട് അനുഭവിച്ച കൊടിയ പരീക്ഷണങ്ങളുടെ വേദനയും സമ്മിശ്രമായി ആ കണ്ഠനാളത്തിലൂടെ കരകവിഞ്ഞൊഴുകിയതാവാം.
സർവ്വീസിൽ പിന്നെയും തിരികെ പ്രവേശിച്ച രാജഗോപാൽ 2019 ജൂലൈ 31 ന് അസി. സബ് ഇൻസ്പക്ടറായി വിരമിച്ചു. 2021 ജൂൺ 25 ന് മരണമടഞ്ഞു. ആ 12 വർഷങ്ങൾ ഏൽപിച്ച ആഘാതങ്ങൾ രാജഗോപാലിനെ കാലമെത്താതെയുള്ള മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്ന് നിസ്സംശയം പറയാം.
എങ്കിലും രാജഗോപാൽ എന്ന പൊലീസുകാരന്റെ ജീവിതവും മരണവും ഒരു അടയാളപ്പെടുത്തലാണ്. ഗ്യാലറികളിൽ ഇരുന്ന് കളം മൂപ്പിക്കുന്നവരുടെ ആൾക്കൂട്ട മനോഭാവത്തിനും ആക്രമണോൽസുക മൃഗകാമനകൾക്കും ഒപ്പം നിൽക്കുന്നതാവരുത് നിയമപാലനം എന്ന പ്രാഥമികപാഠം പറഞ്ഞു തന്നിട്ടാണ് രാജഗോപാൽ യാത്രയായത്. നിയമപാലകർ ആരെയോ തൃപ്തിപ്പെടുത്താൻ കാണിച്ച കൊടുംപാതകത്തിന് മേൽ മഹാനീതിയുടെ കൈയൊപ്പ് ചാർത്തിയ നീതിപീഠത്തിന് തൊഴുകൈയോടെ കണ്ണീരുപ്പ് ചാലിച്ച് നന്ദി പറയുകയാണ് രാജഗോപാലിന്റെ മുറപ്പെണ്ണ് കൂടിയായ വിധവ ചാന്ദ്നിയും രണ്ട് പെൺമക്കളും.

സെയ്ഫ് ചക്കുവള്ളി


ഇപ്പോഴും ഒരു ചോദ്യം ശേഷിക്കുന്നു. കൊല്ലം സായുധ പൊലീസ് ക്യാമ്പിലെ രണ്ടര ലക്ഷം രൂപ 1997 ൽ കട്ടവനെ 27 കൊല്ലം കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിനായില്ല. കണ്ണിൽ കണ്ട അഞ്ച് പേരെ പ്രതിയാക്കി മുഖം രക്ഷിച്ചു. അവരെയെല്ലാം നീതിപീഠം കുറ്റവിമുക്തമാക്കി. ഒന്ന് ചോദിച്ചോട്ടെ? ആ പണം പെട്ടിയോടെ പോയ വഴി ഏതാണ് സർ? ഇതിന് ഉത്തരമില്ലാത്ത കാലത്തോളം ഒരു മോഷണകുറ്റത്തിലെ കേസെടുപ്പും അന്വേഷണവും ഏത് രീതിയിൽ ആകാൻ പാടില്ല എന്നതിനുള്ള പഠനസാമഗ്രിയായി കൊല്ലം സായുധ ക്യാമ്പിലെ പണപ്പെട്ടി മോഷണം നിലനിൽക്കുക തന്നെ ചെയ്യും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here