Home News Breaking News മുഖ്യമന്ത്രിവിഡി സതീശൻ എന്താണ് ഇന്ന് നിയമസഭയിൽ പറഞ്ഞത്; കേരള ബജറ്റ് ഒറ്റനോട്ടത്തിൽ

മുഖ്യമന്ത്രിവിഡി സതീശൻ എന്താണ് ഇന്ന് നിയമസഭയിൽ പറഞ്ഞത്; കേരള ബജറ്റ് ഒറ്റനോട്ടത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലെ പ്രധാനപ്പെട്ട ചില പ്രഖ്യാപനങ്ങളും നിർദ്ദേശങ്ങളും ന്യൂസ് അറ്റ് നെറ്റിൻ്റെ വായനക്കാർക്കാർ ചുവടെ ചേർക്കുന്നു.

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്ന ഈ പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തി. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്ക് 600 കോടി രൂപയും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും അനുവദിച്ചു.

ആരോഗ്യമേഖലയ്ക്ക് 2074 കോടി രൂപ. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് നിര്‍മിക്കും. മെഡിക്കല്‍ കോളേജ് വികസനത്തിനായി 100 കോടി രൂപ. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. തെരഞ്ഞെടുത്ത മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കും. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് വര്‍ഷംതോറും ആരോഗ്യ പരിശോധന. കാരുണ്യ സുരക്ഷ പദ്ധതിയിലെ കുടിശ്ശിക ഘട്ടം ഘട്ടമായി തീര്‍ക്കും. ക്യാന്‍സര്‍ പ്രതിരോധ പദ്ധതി ആരംഭിക്കും. കെഎംഎസ്സിഎല്ലിന്റെ മരുന്ന് സംഭരണ രീതി പരിഷ്‌ക്കരിക്കും. അപൂര്‍വ മരുന്നുകള്‍ ഉറപ്പാക്കും. ഉയര്‍ന്ന ചികിത്സാ ചെലവ് കുറക്കും.

2026 ജനുവരിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകള്‍മൂലം വരുമാനത്തില്‍ 20,500 കോടി രൂപയുടെ കുറവാണെന്ന് ആമുഖമായി വെളിപ്പെടുത്തിക്കൊണ്ടാണ് വിഡി സതീശന്‍ ബജറ്റ് അവതരിപ്പിച്ചത് . കിഫ്ബിയുടെയും മറ്റും കണക്കുകൂടി ഉള്‍പ്പെടുത്തിയാണു യഥാര്‍ത്ഥ കണക്കു മറച്ചുവച്ചത്. നിലവില്‍ കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി കമ്പനിയും ഉള്‍പ്പെടെ സര്‍ക്കാരിനു 87,012 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പെടുത്തിയയ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ വാര്‍ഷിക പദ്ധതി അടങ്കല്‍ 30,370 കോടി രൂപയായി കുറച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5 ശതമാനമായി ഉയര്‍ത്തി.

ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും മെഡിസെപ്പും നവീകരിക്കും. ലീവ് സറണ്ടറില്‍ ഉചിതമായ തീരുമാനമുണ്ടാകും. ഡി എ കുടിശ്ശികയുടെ മുന്‍കാല പ്രാബല്യവും ശമ്പള പരിഷ്‌കരണ കമ്മീഷനെക്കുറിച്ചും വിരമിക്കല്‍ പ്രായം ഉയര്‍ത്തലും പരാമര്‍ശിച്ചില്ല. ഡി എ കുടിശ്ശിക എട്ടു ഗഡുക്കളായി നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ രണ്ടു ഗഡുവാണ്. ഇത് നടപ്പാക്കാന്‍ ഈ വര്‍ഷം ഒമ്പതിനായിരം കോടിയിലധികം രൂപ വേണ്ടിവരും.

റബറിന്റെ തറവില കിലോഗ്രാമിന് 200 രൂപയില്‍നിന്ന് 250 രൂപയായി വര്‍ധിപ്പിച്ചു. വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകള്‍ തുറക്കുന്ന ഫാം ടൂറിസം രീതികളെ പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയുടെ സമഗ്രമായ വളര്‍ച്ചയ്ക്കായി 325 കോടി രൂപ അനുവദിച്ചു. ക്ഷീര വികസനത്തിന് 102 കോടി വകയിരുത്തി. മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രതിദിന പാല്‍ ഉല്‍പാദനം ഒരു കോടി ലിറ്ററാക്കി ഉയര്‍ത്തും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും.

സ്വകാര്യ ബസുകളുടെ ത്രൈമാസ നികുതിയില്‍ 50 ശതമാനം വെട്ടിക്കുറച്ചു. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കും. ത്രൈമാസ നികുതിയായ സീറ്റൊന്നിന് 2000 രൂപ എന്നത് 900 രൂപയായും സ്ലീപ്പര്‍ ബര്‍ത്തിന് 3000 രൂപയെന്നത് 1500 രൂപയായും കുറയ്ക്കും.

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിന് കമ്മിഷനെ നിയമിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും മൂവാറ്റുപുഴ, നെയ്യാറ്റിന്‍കര ഉള്‍പ്പെടെയുള്ള പുതിയ ജില്ലകള്‍ രൂപീകരിക്കണെമെന്നും ആവശ്യം ഉയര്‍ന്നിരിക്കേയാണ് നടപടി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കു നികുതി കുറച്ചു. 10 ലക്ഷം രൂപ വരെ വിലയുള്ളവയ്ക്കുള്ള അഞ്ചു ശതമാനം റോഡ് നികുതി മൂന്നു ശതമാനമായി കുറച്ചു. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എട്ടു ശതമാനത്തില്‍നിന്ന് മൂന്നു ശതമാനമായി കുറച്ചു.

‘മിഷന്‍ സമുദ്ര’ പദ്ധതിക്കു 400 കോടി രൂപ വകയിരുത്തി. റോഡ്, സമുദ്രം, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റി എന്നിവയുമായി ബന്ധിപ്പിച്ചു അഞ്ചു വര്‍ഷത്തിനകം കേരളത്തെ തുറമുഖ നഗരമാക്കും. തീരമേഖലയിലുള്ളവര്‍ക്ക് തൊഴിലവസരം ലഭിക്കും. പുതിയൊരു കപ്പല്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കും. അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും.

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്സിഡി 75 രൂപയായി ഉയര്‍ത്തും. എല്ലാ തീരദേശവാസികള്‍ക്കും പട്ടയം. ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കു പാര്‍പ്പിട പദ്ധതി. മല്‍സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ അധികമായി അനുവദിച്ചു. അപകട ഇന്‍ഷുറന്‍സ് പുതുക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് റെസ്‌ക്യൂ ബോട്ടുകളും വനിതകള്‍ക്ക് മത്സ്യ വിപണനത്തിന് ‘ഷീ സ്‌കൂട്ടറുകളും’ അനുവദിക്കും. മുതലപ്പൊഴി ഹാര്‍ബറിന്റെ അപാകതകള്‍ പരിഹരിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി 100 കോടി രൂപ. ഉന്നത പഠനത്തിനായി വിദേശത്തേക്കു പോകുന്ന പ്രവണതയ്ക്ക് തടയിടാനും നാട്ടില്‍ തന്നെ മികച്ച പഠനസൗകര്യം ഉറപ്പാക്കാനുമായി ‘കേരള നോളജ് വാലി’ പദ്ധതി നടപ്പാക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം കേരളത്തില്‍ ഉറപ്പാക്കാന്‍ നോളജ് വാലി പദ്ധതി സഹായിക്കും. അക്കാദമിക് വിഷയങ്ങളില്‍ അമിത രാഷ്ട്രീയ ഇടപെടല്‍ ഒഴിവാക്കാന്‍ അക്കാദമിക് കൗണ്‍സില്‍ രൂപീകരിക്കും. പാചകകലാ ഇന്റസ്റ്റിറ്റിയൂട്ട് സ്ഥാപിക്കും.

കൊച്ചിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഫിലിം സിറ്റി സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി. എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്കിനായി 50 കോടി രൂപ. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാര്‍ത്ഥം ‘ചിത്രനഗരം’ പദ്ധതി നടപ്പാക്കും. സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി തൃശൂരില്‍ അത്യാധുനിക മ്യൂസിക് അക്കാദമി സ്ഥാപിക്കും. മറ്റു പ്രഖ്യാപനങ്ങള്‍: എറണാകുളത്ത് നടന്‍ സലിംകുമാറിന് സ്മാരകം. കോഴിക്കോട് ഗായകന്‍ ഉമ്പായിയുടെ നാമധേയത്തില്‍ മ്യൂസിക് അക്കാദമി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി ട്രസ്റ്റിന്റെ സഹായത്തോടെ കള്‍ച്ചറല്‍ സെന്റര്‍ ആന്‍ഡ് മ്യൂസിയം. ഡല്‍ഹിയില്‍ ശ്രീനാരായണ ഗുരുവിന് പ്രതിമയും സാംസ്‌കാരിക കേന്ദ്രവും. തിരുവനന്തപുരം പട്ടത്ത് മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന് സ്മാരക മന്ദിരം. ചാലക്കുടിയില്‍ പനമ്പള്ളി ഗോവിന്ദ മേനോന്‍ സ്മാരകം.

ഗ്രാമസഭയില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ സൗകര്യം ഒരുക്കും. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും. സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നല്‍കാന്‍ നിക്ഷേപ ഗ്യാരന്റി സ്‌കീമില്‍ മാറ്റം വരുത്തും. ഇ-ഗ്രാന്റ് കുടിശ്ശിക സമയബന്ധിതമായി തീര്‍പ്പാക്കും.

പ്രശസ്തമായ ഐ.ഐ.ടി മദ്രാസ് റിസര്‍ച്ച് പാര്‍ക്കിന്റെ മാതൃകയില്‍ റിസര്‍ച്ച് പാര്‍ക്ക് ആരംഭിക്കാന്‍ 60 കോടി രൂപ നീക്കിവച്ചു. ആരോഗ്യ-ശാസ്ത്ര രംഗത്തെ വികസനം ലക്ഷ്യമിട്ട് ‘കേരള ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി’ സ്ഥാപിക്കാന്‍ 100 കോടി രൂപ വകയിരുത്തി.

തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാന്‍ നിയമഭേദഗതി കൊണ്ടുവരും. അതിരപ്പള്ളിയില്‍ ഇക്കോ-ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിംഗ് പദ്ധതി നടപ്പാക്കും. തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് തുടങ്ങും. അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ ബന്ധിപ്പിച്ചു പദ്ധതി നടപ്പാക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചു തന്ത്രപരമായ ഏകീകൃത സാമ്പത്തിക മേഖല സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍ സൃഷ്ടിക്കും.

നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷന്‍-ലോജിസ്റ്റിക്‌സ് ഹബ്ബ് സജ്ജമാക്കും. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ റെയില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും.

ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും. നിക്ഷേപകര്‍ക്ക് ഭൂമി, നിയമപരമായ അനുമതികള്‍, നിക്ഷേപാനന്തര പിന്തുണ എന്നിവ നല്‍കുന്ന ഏകജാലക സംവിധാനമായി ഇന്‍വെസ്റ്റ് കേരളം സെല്‍ തുടങ്ങും. സംസ്ഥാനത്തുടനീളം പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടും ടെക്‌നോ-മെന്റര്‍മാരുടെ സഹായവും നല്‍കും. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പദ്ധതി വിജയവും ഉറപ്പുനല്‍കുന്ന പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കും.

പെരുമ്പാവൂരില്‍ ഫര്‍ണിച്ചര്‍ ഹബ്ബും, തൃശൂരില്‍ സ്വര്‍ണ്ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മ്മാണ പാര്‍ക്കും സ്ഥാപിക്കും. പ്രവാസികളില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ പ്രവാസി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പദ്ധതി നടപ്പാക്കും.

യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. യുവജനങ്ങള്‍ക്ക് ആവശ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വയോജനങ്ങള്‍ക്ക് കൈത്താങ്ങാകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു.

വയോജന ക്ഷേത്തിന് ആരംഭിച്ച വകുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു 10 കോടി രൂപ അനുവദിച്ചു. പ്രായമായവരെ പരിചരിക്കുന്നതിനായി ‘കെയര്‍ ഗിവര്‍ പദ്ധതി’ ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി ആറ് മാസത്തെ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും.

ജെന്‍സികള്‍ക്കുള്ള സ്റ്റാര്‍ട്ട് അപ്പിനായി 50 കോടി രൂപ. ഡിജിറ്റല്‍ ധാര്‍മ്മികത, സ്വകാര്യതയുടെ സംരക്ഷണം, സൈബര്‍ സുരക്ഷ, മാനുഷിക മൂല്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍, ഇന്നോവേഷന്‍ ഹബുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്മാര്‍ട്ട് വ്യവസായങ്ങള്‍ എന്നിവ വികസിപ്പിക്കും.

ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. വയനാട്, കാസര്‍ഗോഡ്, ഇടുക്കി ജില്ലകള്‍ക്കായുള്ള പ്രത്യേക വികസന പാക്കേജുകള്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കും.

പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപയും പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപയും കൂടുതലായി അനുവദിച്ചുകൊണ്ടാണു മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബജറ്റ് അവതരിപ്പിച്ചത്.