26.3 C
Kollam
Wednesday 22nd July, 2026 | 10:34:09 PM
Home News Kerala കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് ആരോപിച്ച് ആക്രമണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് ആരോപിച്ച് ആക്രമണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

കായംകുളം: കാറിന്റെ ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തി ആക്രമണം നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതികളായ ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടില്‍ ഇര്‍ഫാദ് (24), ഓച്ചിറ പായിക്കുഴി വേലശ്ശേരില്‍ പടീറ്റതില്‍ ഷെഫീക്ക് (26), മാരൂര്‍ കിഴക്കതില്‍ വീട്ടില്‍ അനീഷ് (25) എന്നിവര്‍ കായംകുളം പോലീസിന്റെ പിടിയിലായത്.
5ന് വൈകിട്ട് നാലു മണിയോടെ ഓച്ചിറക്ക് കിഴക്ക് സത്യാലയം ജങ്ഷനിലുള്ള സര്‍വീസ് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ഇന്‍ഡിക്കേറ്റര്‍ ഇടാതെ കാര്‍ തിരിഞ്ഞുവെന്ന് ആരോപിച്ച് കാറിലുണ്ടായിരുന്ന സഹോദരങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, എയര്‍ഗണ്‍ പോലെയുള്ള തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചുറ്റിക കൊണ്ട് കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തെന്നാണ് കേസ്.
സംഭവശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ സിഐ അരുണ്‍ ഷാ, എസ്ഐമാരായ ജസ്റ്റിന്‍ മണ്ഡപം, ജയസൂര്യ, എഎസ്ഐ ഹരി, പോലീസ് ഉദ്യോഗസ്ഥരായ അഖില്‍ മുരളി, അരുണ്‍, അനു, ബിനു, ഷിഹാബ്, പ്രവീണ്‍, ഗോപകുമാര്‍, ഹരീഷ്, മോനിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.